പാലത്തായി പ്രതിയെ വെള്ളപൂശി രക്ഷിച്ചെടുക്കാൻ ഐ.ജി ശ്രീജിത്തിന് എന്താണിത്ര താത്പര്യം: കെ. കെ. രമ

പാലത്തായി പീഡനക്കേസിലെ പ്രതിയെ വെള്ളപൂശി രക്ഷിച്ചെടുക്കാൻ ഐ.ജി ശ്രീജിത്തിന് എന്താണിത്ര താത്പര്യമെന്ന് കേരളത്തിന് നിര്‍ബന്ധമായും അറിയേണ്ടതുണ്ട് എന്ന് ആർ.എം.പി നേതാവ് കെ.കെ രമ. ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥരുടെ ഗുരുതരമായ ഒത്താശയാണ് ജാമ്യം നേടി പുറത്തിറങ്ങാന്‍ പ്രതിക്ക് സഹായമായതെന്ന് പരക്കെ ആക്ഷേപം വരുന്നു എന്നും കെ.കെ രമ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കെ. കെ രമയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:

പാലത്തായി പീഡന കേസ്‌ പുതിയ ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. ഈ കേസിലെ കുറ്റാരോപിതനായ പത്മരാജന് ജാമ്യം കിട്ടിയിരിക്കുന്നു. ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥരുടെ ഗുരുതരമായ ഒത്താശയാണ് ജാമ്യം നേടി പുറത്തിറങ്ങാന്‍ പ്രതിക്ക് സഹായമായതെന്ന് പരക്കെ ആക്ഷേപം വരുന്നു. അതേസമയം തന്നെയാണ് ക്രൈംബ്രാഞ്ച് അന്വേഷണ മേധാവിയുടേത് എന്ന പേരിൽ ഒരു വോയ്സ് ക്ലിപ്പ് സാമൂഹ്യമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
ആ സംസാരം അദ്ദേഹത്തിന്റേതാണെങ്കിൽ വിചാരണയും വിധിയും പൂര്‍ത്തിയാകാത്ത, അന്വേഷണത്തിലിരിക്കുന്ന ഒരു ക്രിമിനൽ കേസിന്റെ വിവരങ്ങൾ ഇതുപോലെ വെളിപ്പെടുത്താൻ എങ്ങിനെയാണ് നിയമപരമായി കഴിയുകയെന്ന് കൂടി ഐജി ശ്രീജിത്ത് വിശദീകരിക്കേണ്ടതുണ്ട്.

മജിസ്‌ട്രേറ്റിന്റെ മുന്നില്‍ പീഡനത്തിനിരയായ കുഞ്ഞ് നല്‍കിയ 164 സ്റ്റേറ്റ്മെന്റ് ഉൾപ്പെടെ വെളിപ്പെടുത്താന്‍ നിയമം താങ്കളെ അനുവദിക്കുന്നുണ്ടോയെന്നെ അങ്ങ് വ്യക്തമാക്കേണ്ടതുണ്ട്. പ്രതിഭാഗം അഭിഭാഷകൻ ചെയ്യേണ്ട പണി അന്വേഷണ ഉദ്യോഗസ്ഥൻ എടുക്കുന്നത് തീര്‍ച്ചയായും സംശയാസ്പദവും ദുരുപദിഷ്ടവും കുറ്റകരവുമാണ്. പ്രതിയെ വെള്ളപൂശി രക്ഷിച്ചെടുക്കാൻ ബഹുമാനപ്പെട്ട ഐ.ജിക്ക് എന്താണിത്ര താല്‍പ്പര്യമെന്ന് കേരളത്തിന് നിര്‍ബന്ധമായും അറിയേണ്ടതുണ്ട്.

ക്രൈംബ്രാഞ്ച് ഐജിയുടെ പേരിലിറങ്ങിയ
ഈ വോയ്സ് ക്ലിപ്പിനെ കുറിച്ച് ആഭ്യന്തരവകുപ്പ് ഭരണനേതൃത്വം അന്വേഷണ വിധേയമാക്കുക തന്നെ വേണം.

https://www.facebook.com/kkrema/posts/3264341126958955