ഒന്നാം പിണറായി സർക്കാരിന്റെ ആഭ്യന്തര നയം പരാജയമെന്ന് കെ.കെ രമ

കഴിഞ്ഞ സർക്കാരിന്റെ ആഭ്യന്തര നയം പരാജയമായിരുന്നുവെന്ന് ആർ.എം.പി, എം.എൽ.എ, കെ.കെ രമ. മുൻ സർക്കാരിന്റെ ആഭ്യന്തരവകുപ്പിൽ അപമാനകരമായ പ്രവർത്തനങ്ങളുടെ ഘോഷയാത്രയായിരുന്നുവെന്ന് രമ അഭിപ്രായപ്പെട്ടു. വ്യാജ ഏറ്റുമുട്ടലുകൾ നടത്തി ഇരകളെയുണ്ടാക്കി. യു.എ.പി.എ ചുമത്തി ചെറുപ്പക്കാരെ ജയിലിലടച്ചു. കോവിഡ് പ്രതിരോധപ്രവർത്തനം രാഷ്ട്രീയവത്കരിച്ചുവെന്നും രമ കുറ്റപ്പെടുത്തി.

ലക്ഷദ്വീപ് വിഷയത്തിലെ പ്രമേയത്തിൽ ഏറെ അഭിമാനമുണ്ട്. എന്നാൽ നമ്മുടെ സംസ്ഥാനത്തും നിർഭയവും സ്വതന്ത്രവും വ്യത്യസ്തവുമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിനോട് സഹിഷ്ണുത പുലർത്തുന്നു എന്ന് ഉറപ്പു വരുത്തുന്നതിനുള്ള ഉത്തരവാദിത്വം ഓരോരുത്തർക്കുമുണ്ട്. എന്നാൽ മാത്രമേ ഇത്തരം ഇടപെടലുകൾ ആത്മാർത്ഥവും അർത്ഥപൂർണവുമാകൂവെന്നും കെ.കെ രമ പറഞ്ഞു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ.

നിയമസഭയിൽ അവതരിപ്പിച്ച സർക്കാരിന്റെ നയപ്രഖ്യാപനം ഒട്ടും പുതിയതല്ല. കഴിഞ്ഞ സർക്കാരിന്റെ തുടർച്ചയാണ് ഈ സർക്കാർ എന്നാണ് ഭരണപക്ഷം പറയുന്നത്. എന്നാൽ കഴിഞ്ഞ സർക്കാരിനെതിരെ നിരവധി വിമർശനങ്ങൾ പൊതുജനവും പ്രതിപക്ഷവും ഉയർത്തിയിരുന്നു. ഈ വിമർശനങ്ങളോടുള്ള പുതിയ സർക്കാരിന്റെ നയം വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്ന കസ്റ്റഡി കൊലപാതകങ്ങൾ, പിഞ്ചുകുഞ്ഞുങ്ങൾ വരെ പീഡിപ്പിക്കപ്പെട്ട സംഭവങ്ങൾ എന്നിവ പോലും അട്ടിമറിക്കപ്പെട്ടു. ഈ സർക്കാരും അതേ പൊലീസ് നയമാണോ സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

ആളുകളെ പുറന്തള്ളുകയും ഇരകളെ സൃഷ്ടിക്കുകയും ചെയ്യുന്നതാണ് ഈ സർക്കാരിന്റെ വികസന നയം. നവ ഉദാര മൂലധന നയത്തിന്റെ വിശ്വസ്തരായ നടത്തിപ്പുകാരാണ് തങ്ങളെന്ന് ഈ സർക്കാർ ലജ്ജയില്ലാതെ പറയുന്നു. കെ റെയിൽ പോലുള്ള പദ്ധതി ആയിരക്കണക്കിന് മനുഷ്യരെ പുറന്തള്ളുന്നതാണ്. 20000 ത്തിലധികം കുടുംബങ്ങൾ കുടിയൊഴിപ്പിക്കപ്പെടുന്ന ഈ പദ്ധതി ആർക്ക് വേണ്ടിയാണ് എന്ന് കെ.കെ രമ ചോദിച്ചു. കേരളത്തെ വൻ കടക്കെണിയിലേക്ക് തള്ളുന്ന ഒന്നാണ് കിഫ്ബി, ഇതൊരു വായ്പാ കെണിയാണെന്ന് തുറന്ന് പറയാൻ സർക്കാർ തയ്യാറാകണമെന്നും രമ പറഞ്ഞു.

സംസ്ഥാനത്തെ കോവിഡ് മരണസംഖ്യയിലെ അവ്യക്തത പരിശോധിക്കണം. മരണനിരക്ക് കുറച്ച് കാണിച്ച് സാധാരണക്കാരന് ലഭ്യമാകേണ്ട ആനുകൂല്യങ്ങൾ അപ്രാപ്യമാക്കുന്നു. പഞ്ചായത്തുകളിൽ ഫണ്ടിന്റെ അഭാവമുണ്ട്. ലോക്ക്ഡൗൺ കിറ്റ് വിതരണവും സന്നദ്ധ സേവനവും രാഷ്ട്രീയവത്കരിക്കുന്നു. സർക്കാരിന്റെ മദ്യവർജ്ജന നയം പരിഹാസ്യമാണ്. ലഹരിമുക്ത പ്രവർത്തനം അഞ്ച് വർഷക്കാലം അട്ടിമറിച്ചു. സാധാരണ ജനത്തിന്റെ ദുരിതങ്ങൾക്ക് മുഖം കൊടുക്കാത്ത ഈ നയപ്രഖ്യാപനം വഞ്ചനാപരമാണെന്നും രമ പറഞ്ഞു. സംസ്ഥാനത്ത് നിർഭയമായ പൊതുപ്രവർത്തനം നടത്താനുള്ള സാഹചര്യം ഉണ്ടാകണമെന്നും കെ.കെ രമ പറഞ്ഞു.