ഗവൺമെന്റ് മുൻ പ്ലീഡർ പിജി മനു മരിച്ചനിലയിൽ; മരണം അതിജീവിതയെ ബലാത്സംഗം ചെയ്ത കേസിലെ നടപടികൾക്കിടെ

മുൻ സർക്കാർ അഭിഭാഷകൻ പിജി മനുവിനെ കൊല്ലത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൈക്കോടതിയിൽ സീനിയർ ഗവൺമെൻ്റ് പ്ലീഡറായി പ്രവർത്തിച്ചിരുന്ന മനു, പീഡന കേസിൽ പ്രതിയായതോടെ രാജിവെച്ചിരുന്നു. കേസിന്റെ ആവശ്യങ്ങൾക്കായി താമസിച്ചിരുന്ന വാടകവീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

എൻഐഎ ഉൾപ്പെടെ ഏജൻസികളുടെയും അഭിഭാഷകനായിരുന്നു. എറണാകുളം പിറവം സ്വദേശിയാണ്. മരണകാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. നിയമ സഹായം തേടിയെത്തിയ അതിജീവിതയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ് പിജി മനു. ബലാത്സംഗം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പിജി മനുവിനെതിരെ കേസെടുത്തിരുന്നത്.

കേസിൽ കർശന ഉപാധികളോടെ മനുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിൽ വിചാരണ തീരുന്നത് വരെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, പാസ്പോർട്ട് ഹാജരാക്കണം, എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം, രണ്ട് ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആൾ ജാമ്യവും എന്നിവയായിരുന്നു ഉപാധികൾ. കേസിൽ കുറ്റപത്രം സമർപ്പിച്ചതായി പ്രോസിക്യൂഷൻ അറിയിച്ചതോടെയാണ് ഉപാധികളോടെ കോടതി ജാമ്യം നൽകിയത്.

കഴിഞ്ഞ ജനുവരി 31 നാണ് പുത്തൻകുരിശ് ഡിവൈഎസ്പിയക്ക് മുന്നിൽ പിജി മനു കീഴടങ്ങിയത്. 2018 ൽ ഉണ്ടായ ലൈംഗിക അതിക്രമ കേസിൽ 5 വർഷമായിട്ടും നടപടിയാകാതെ വന്നപ്പോൾ പൊലീസ് നിർദ്ദേശപ്രകാരം നിയമ സഹായം തേടിയെത്തിയ യുവതിയെ ഓഫീസിൽ വെച്ചും വീട്ടിൽ വെച്ചും ബലാത്സഗം ചെയ്തെന്നാണ് പിജി മനുവിനെതിരായ കേസ്. അഭിഭാഷകൻ അയച്ച വാട്സ്ആപ് ചാറ്റുകൾ, ഓഡിയോ സംഭാഷണം എന്നിവ തെളിവായി പൊലീസിന് കൈമാറിയിട്ടുണ്ട്.

Read more