'ഡൽഹി ഭരിക്കുന്നത് മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ ഭർത്താവ്'; ഫോട്ടോ പങ്കുവെച്ച്, ആരോപണവുമായി അതിഷി

മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ ഭർത്താവാണ് ഡൽഹി സർക്കാരിനെ നിയന്ത്രിക്കുന്നതെന്ന് പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന അതിഷി. മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ രേഖയുടെ ഭർത്താവ് മനീഷ് ഗുപ്ത ഇരിക്കുന്ന ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് അതിഷി ആരോപണമുന്നയിച്ചത്.

”ഈ ഫോട്ടോയിലേക്ക് നോക്കൂ… എംസിഡി, ഡിജെബി, പിഡബ്ല്യുഡി, ഡിയുഎസ്‌ഐബി തുടങ്ങിയ ഡിപ്പാർട്‌മെന്റുകളുടെ യോഗം നടത്തുന്നത് ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ ഭർത്താവ് മനീഷ് ഗുപ്തയാണ്. തദ്ദേശ സ്ഥാപനങ്ങളിൽ വനിതാ പ്രതിനിധികൾ തിരഞ്ഞെടുക്കപ്പെട്ടാൽ അവരുടെ ഭർത്താക്കൻമാർ പൊതുവർക്കുകളിൽ ഇടപെടുന്നതായി നേരത്തെ നമ്മൾ കേട്ടിരുന്നു. ഗ്രാമീണരായ സ്ത്രീകൾക്ക് ഭരണപരമായ കാര്യങ്ങൾ എങ്ങനെ ചെയ്യണമെന്ന് അറിയാത്തത് ഇതിന് കാരണമായിട്ടുണ്ട്. എന്നാൽ ഒരു വനിത മുഖ്യമന്ത്രിയായിട്ടും സർക്കാരിന്റെ പ്രവർത്തനം അവരുടെ ഭർത്താവ് നിയന്ത്രിക്കുന്നത് രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായിരിക്കും”- അതിഷി സോഷ്യൽ മീഡിയ പോസ്റ്റിൽ ആരോപിച്ചു.

രേഖാ ഗുപ്തയുടെ രാഷ്ട്രീയ ജീവിതത്തെ അപമാനിക്കുന്ന പ്രസ്താവനയാണ് അതിഷി നടത്തിയതെന്ന് ബിജെപി ആരോപിച്ചു. അതിഷിയും ഒരു സ്ത്രീയാണ്. എന്നിട്ടും മറ്റൊരു വനിതാ നേതാവിനെ അപമാനിക്കുന്ന പ്രസ്താവന നടത്തിയത് അമ്പരപ്പിക്കുന്നതാണ്. ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ ജനറൽ സെക്രട്ടറി പദവിയടക്കം വഹിച്ചിട്ടുള്ള ആളാണ് രേഖാ ഗുപ്ത. അവരുടെ ഭർത്താവ് അവരെ സഹായിക്കുന്നതിൽ തെറ്റോ അധാർമികതയോ ഇല്ലെന്നും ഡൽഹി ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്‌ദേവ പറഞ്ഞു.

Read more