കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കത്തിന്റെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസെടുക്കാൻ ഉത്തരവിട്ടത്.

നഗരത്തിലെ ആറു പ്രധാന റോഡുകളുടെ ശോചനീയാവസ്ഥ പ്രത്യേകം എടുത്തു പറഞ്ഞാണ് ഹൈക്കോടതി വിഷയത്തിൽ സ്വമേധയാ ഇടപെട്ടിരിക്കുന്നത്. കലൂർ കടവന്ത്ര റോഡ്, തമ്മനം പുല്ലേപ്പടി റോഡ്, തേവര റോഡ്, പൊന്നുരുന്നി പാലം റോഡ്, ചളിക്കവട്ടം റോഡ്, വൈറ്റില കുണ്ടന്നൂർ റോഡ് എന്നിവയാണ് കോടതി പരാമർശിച്ച പ്രധാന റോഡുകൾ. ഈ റോഡുകളുടെ അവസ്ഥ പരിതാപകരമാണെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.

റോഡുകളിൽ വാഹനം ഓടിക്കാൻ പറ്റാത്ത അവസ്ഥയാണ്. ദിനംപ്രതി നിരവധി അപകടങ്ങൾ പതിവാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കത്തിൽ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ചീഫ് ജസ്റ്റിസിന്റെ ബഞ്ച് സ്വമേധയാ കേസെടുത്ത് നടപടികളാരംഭിച്ചത്. കേസിൽ സർക്കാരിനും പൊതുമരാമത്ത് വകുപ്പിനും കൊച്ചിൻ കോർപറേഷനും ഹൈക്കോടതി നോട്ടീസ് അയക്കാനും ഉത്തരവായി.