ലോകായുക്ത ഭേദഗതിയില്‍ നയം വ്യക്തമാക്കി സിപിഎം. എജി ചൂണ്ടിക്കാണിച്ച ചില ഭരണഘടനാപ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിലാണ് ഓര്‍ഡിനന്‍സിനെക്കുറിച്ച് തീരുമാനമെടുത്തതെന്ന് കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അപ്പീല്‍ അധികാരമില്ലാത്തതിനാലാണ് അങ്ങനെയൊരു തീരുമാനത്തിലെത്തിയത്. മുഖ്യമന്ത്രിയ്ക്കും മന്ത്രി ബിന്ദുവിനും എതിരെ ഉയര്‍ന്ന പരാതിയുടെ പശ്ചാത്തലത്തിലല്ല മാറ്റം.
നയത്തില്‍ നിന്ന് പാര്‍ട്ടി പിന്മാറുകയില്ല. ഇത്തരം തീരുമാനങ്ങളെടുക്കാന്‍ പ്രതിപക്ഷ നേതാവിനോട് ആലോചിക്കേണ്ട കാര്യമില്ലെന്നും കൊടിയേരി പത്രസമ്മേളനത്തില്‍ പറഞ്ഞു.
ലോകായുക്തയുടെ വിധിതള്ളുകയോ കൊള്ളുകയോ ചെയ്യാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നത് അടക്കമുള്ള നിയമ ഭേദഗതികള്‍ നിലവില്‍ വരുത്താനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത് വന്നിരുന്നു. ഈ ഓര്‍ഡിനന്‍സില്‍ ഒപ്പ് വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് ഗവര്‍ണ്ണര്‍ക്ക് കത്തയച്ചെന്നും ഫെബ്രുവരിയില്‍ നിയമസഭ ചേരാനിരിക്കെ ഇത്തരം നീക്കം നടത്തുന്നത് തികച്ചും ദുരൂഹമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. രമേശ് ചെന്നിത്തലയും ഇതിനെതിരെ പ്രതികരിച്ചിരുന്നു. ഓര്‍ഡിനന്‍സിന് കഴിഞ്ഞ മന്ത്രിസഭയാണ് അനുമതിനല്‍കിയത്.
Read more
അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകര്‍ അധികാരസ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്നു വിധിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ട്. ഇത്തരം വിധി ഓരോ വിഷയവുമായി ബന്ധപ്പെട്ട അധികാരി ആരാണോ (ഗവര്‍ണര്‍, മുഖ്യമന്ത്രി, സര്‍ക്കാര്‍) അവര്‍ക്ക് നല്‍കണമെന്നാണ് നിലവിലെ നിയമം. ഇത്തരം വിധിയില്‍ അധികാര സ്ഥാനത്തുള്ളയാളിന് ഒരു ഹിയറിങ് കൂടി നടത്തി, വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നാണ് ഭേദഗതിയിലെ പ്രധാന വ്യവസ്ഥ.