തിരുവനന്തപുരം കോവളത്ത് വിദേശ പൗരനെ പൊലീസ് തടഞ്ഞ് നിര്‍ത്തി മദ്യം ഒഴിപ്പിച്ച് കളഞ്ഞ സംഭവത്തില്‍ ഗ്രേഡ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. കോവളം സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഷാജിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്നും പരിശോധിക്കും. വകുപ്പുതല അന്വേഷണം നടക്കുകയാണെന്നും മറ്റു പൊലീസുകാരും അന്വേഷണ പരിധിയില്‍ വരുമെന്നുമാണ് വിവരം. സംഭവത്തില്‍ മുഖ്യമന്ത്രി ഡിജിപിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപി അനില്‍കാന്ത് താഴെ തട്ടിലേക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ പൊലീസിനെതിരെ വിമര്‍ശനവുമായി മന്ത്രി മുഹമ്മദ് റിയാസും രംഗത്തെത്തിയിരുന്നു. പൊലീസിന്റെ നടപടി ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ കാര്യമാണ്. പൊലീസിന്റെ ഇത്തരം സമീപനങ്ങള്‍ ടൂറിസം രംഗത്തിന് വന്‍ തിരിച്ചടിയാകും. സര്‍ക്കാരിനൊപ്പം നിന്ന് സര്‍ക്കാരിനെ അള്ള് വയ്ക്കുന്നവര്‍ക്കെതിരെ നടപടി എടുക്കണം. പൊലീസിന് ടുറിസ്റ്റുകളോട് ഉള്ള സമീപനത്തില്‍ മാറ്റം വരണമെന്നും റിയാസ് പറഞ്ഞു.
ഇന്നലെയായിരുന്നു ന്യൂ ഇയര്‍ അഘോഷത്തിനായി മദ്യം വാങ്ങി തിരികെ ഹോട്ടലിലേക്ക് വരികയായിരുന്ന സ്വീഡിഷ് പൗരന്‍ സ്റ്റീഫന്‍ ആസ്‌ബെര്‍ഗിനെ(68) കോവളം പൊലീസ് പിടിച്ചത്. കോവളത്തെ സ്വകാര്യ ഹോട്ടലില്‍ നാലു വര്‍ഷമായി താമസിക്കുന്ന ആളാണ് സ്റ്റീഫന്‍. പൊലീസ് പരിശോധനയ്ക്കിടെ മദ്യം കണ്ടെടുക്കുകയും, തുടര്‍ന്ന് ബില്ല് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ബിവഫേജസില്‍ നിന്ന് ബില്ല് വാങ്ങാന്‍ മറന്നുവെന്ന് പറഞ്ഞതോടെ മദ്യം കൊണ്ടുപോകാന്‍ കഴിയില്ലെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് കുപ്പി എറിഞ്ഞ് കളയാന്‍ അവശ്യപ്പെട്ടു. ഒടുവില്‍ മദ്യം ഒഴിച്ച് കളയാന്‍ അദ്ദേഹം നിര്‍ബന്ധിതനാവുകയായിരുന്നു.
Read more
എന്നാല്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തുള്ളവര്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ബില്ല് വാങ്ങി വന്നാല്‍ മതിയെന്ന് പൊലീസ് പറഞ്ഞു. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ബില്ലും വാങ്ങി അദ്ദേഹം പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയിരുന്നു. വിദേശ പൗരനോട് മോശമായി പെരുമാറിയ പൊലീസ് നടപടിയില്‍ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.