'വിശദീകരണം തൃപ്തികരം'; ശിവദാസന്‍ നായര്‍ക്ക് എതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

അച്ചടക്കലംഘനത്തിന് നോട്ടീസ് നല്‍കിയ ശിവദാസന്‍ നായരുടെ സസ്‌പെന്‍ഷന്‍  കോണ്‍ഗ്രസ് പിന്‍വലിച്ചു. പരാമര്‍ശത്തില്‍ ഖേദപ്രകടനം നടത്തിയതിനാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നുവെന്നാണ് കെപിസിസി വിശദീകരണം. ശിവദാസന്‍ നായരുടെ വിശദീകരണം തൃപ്തികരമാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. അച്ചടക്ക നടപടി പിന്‍വലിച്ചതില്‍ സന്തോഷമെന്ന് ശിവദാസന്‍ നായര്‍ പ്രതികരിച്ചു.

‘സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിച്ചതില്‍ സന്തോഷം ഉണ്ട്. സാധാരണ പ്രവര്‍ത്തകനായി പാര്‍ട്ടിയില്‍ തുടരും. മുന്‍കാലങ്ങളിലെ പോലെ എക്കാലവും ഉണ്ടാവും. എന്നും ഞാന്‍ കോണ്‍ഗ്രസില്‍ തന്നെയുണ്ടാവും.’ കെ ശിവദാസന്‍ നായര്‍ പ്രതികരിച്ചു. സസ്‌പെന്‍ഷന്‍ നീണ്ടു പോവുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട അനില്‍ കുമാര്‍ സിപിഎമ്മില്‍ ചേര്‍ന്നതിനു പിന്നാലെയാണ്, ശിവദാസന്‍ നായര്‍ക്കെതിരായ നടപടി പിന്‍വലിച്ചത്.

ഡിസിസി അദ്ധ്യക്ഷപട്ടിക പുറത്ത് വന്നതിന് പിന്നാലെയാണ് കെപി അനില്‍കുമാറിനെതിരേയും ശിവദാസന്‍ നായര്‍ക്കെതിരേയും അച്ചടക്ക നടപടി സ്വീകരിച്ചത്. പുനസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യ പ്രതികരണം നടത്തിയതിനാണ് ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിച്ചത്.