സ്വകാര്യ ആവശ്യത്തിന് കെ.എസ്.ബി വാഹനം ഉപയോഗിച്ചു; എം.ജി സുരേഷ് കുമാറിന് 6.72 ലക്ഷം രൂപ പിഴ

കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എംജി സുരേഷ് കുമാറിനെതിരെ വീണ്ടും നടപടി. സ്വകാര്യ ആവശ്യത്തിനായി കെഎസ്ഇബിയുടെ ഔദ്യോഗിക വാഹനം ഉപയോഗിച്ചതിന് പിഴ അടയ്ക്കാന്‍ ആവശ്യപ്പട്ട് സുരേഷ് കുമാറിന് നോട്ടീസ് നല്‍കി. 6.72 ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ അനധികൃതമായി വാഹനം ഉപയോഗിച്ചതിനാണ് നടപടി.

വ്യക്തിപരമായ കാര്യങ്ങള്‍ക്കായി കെഎസ്ഇബി വാഹനം എടുത്ത് യാത്ര ചെയ്തത് 48640 കിലോമീറ്ററാണ്. അതിനാല്‍ 6,72,560 രൂപ പിഴ നല്‍കണം. 21 ദിവസത്തിനുള്ളില്‍ പിഴ അടച്ചില്ലെങ്കില്‍ ഈ തുക ശമ്പളത്തില്‍ നിന്ന് പിടിക്കും. ഗഡുക്കളായി ശമ്പളത്തില്‍ നിന്ന് ഈടാക്കുമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ദിവസം ഓഫീസേഴ്‌സ് അസോസിയേഷന്‍ നടത്തിയ വൈദ്യുതി ഭവന്‍ വളയല്‍ സമര ദിവസമാണ് നോട്ടീസ് ഇറക്കിയത്. എന്നാല്‍ അത്തരം നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് സുരേഷ് കുമാര്‍ പറഞ്ഞത്. തനിക്കെതിരായ ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും സുരേഷ് പറഞ്ഞു.

Read more

നേരത്തെ കെഎസ്ഇബി ചെയര്‍മാന്റെ ഉത്തരവ് ലംഘിച്ച് വൈദ്യുതി ബോര്‍ഡിന് മുന്നില്‍ സത്യാഗ്രഹം നടത്തിയതിനെ തുടര്‍ന്ന് എംജി സുരേഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. നടപടി രാഷ്ടീയ പ്രേരിതമാണെന്നാണ് സുരേഷ് കുമാര്‍ ഇതിനോട് പ്രതികരിച്ചത്. പ്രതിഷേധം രൂക്ഷമായതോടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ നടപടി ഉണ്ടായിരിക്കുന്നത്.