കെഎസ്‌യു പ്രവര്‍ത്തകയുടെ മൂക്കടിച്ച് പൊട്ടിച്ച സംഭവം; ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

പ്രതിഷേധ മാര്‍ച്ചിനിടെ പൊലീസ് കെഎസ്‌യു പ്രവര്‍ത്തകയുടെ മൂക്കടിച്ച് പൊട്ടിച്ച സംഭവത്തില്‍ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. നവംബര്‍ 4ന് കെഎസ്‌യു തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധത്തിനിടയിലാണ് നെസിയ മുണ്ടപ്പള്ളിയിലിന്റെ മുഖത്ത് പൊലീസ് ലാത്തികൊണ്ട് മര്‍ദ്ദിച്ചത്. സംഭവത്തില്‍ ഉടന്‍തന്നെ നടപടി സ്വീകരിക്കാന്‍ ഡിജിപിയ്ക്കാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്.

അതേ സമയം പൊലീസില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നാണ് പരാതിക്കാരി ഉന്നയിക്കുന്ന ആരോപണം. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരെ നടത്തിയ പ്രതിഷേധത്തിലാണ് നെസിയയ്ക്ക് മര്‍ദ്ദനമേറ്റത്. മര്‍ദ്ദിച്ചത് നെയ്യാറ്റിന്‍കര സ്വദേശിയായ ജോസ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പരാതിക്കാരി തിരിച്ചറിഞ്ഞിരുന്നു.

Read more

എന്നാല്‍ ഇത് സംബന്ധിച്ച് നെസിയ നല്‍കിയ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് കേസെടുത്തെങ്കിലും ഇതുവരെയും തുടര്‍ നടപടികളെടുത്തില്ല. ഡിജിപിയ്ക്കും വനിതാ കമ്മീഷനും നെസിയ ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ ഫോട്ടോയും വിവരങ്ങളും ഉള്‍പ്പെടെയാണ് പരാതി നല്‍കിയത്. ഡോ സുരേഷ് കെ ഗുപ്തന്‍ നല്‍കിയ പരാതിയിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ട് ഡിജിപിയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്.