രാജിവെച്ച മഹിള കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കും. ലതിക സുഭാഷ് പ്രവര്‍ത്തകരുടെ യോഗം വിളിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഇനി ഒരു സീറ്റ് തന്നാലും സ്വീകരിക്കില്ലെന്ന് ലതിക വ്യക്തമാക്കി. സ്ഥാനാത്ഥി പ്രഖ്യാപനം ഇന്ന് വെെകിട്ട് ഉണ്ടായേക്കും. കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വം രാജി വെയ്ക്കുമെന്നും ലതിക വ്യക്തമാക്കി.
“”എനിക്ക് സീറ്റ് നിഷേധിച്ചത് ആരെന്ന് അറിയില്ല. എന്താണ് ഭാവി പരിപാടി എന്നത് സംബന്ധിച്ച് ഇന്ന് നിർണായക തീരുമാനം എടുക്കും. ഇനി കോണ്‍ഗ്രസ് പാര്‍ട്ടി ഒരു സീറ്റ് തന്നാലും ഇത്തവണ മത്സരിക്കില്ല. കെപിസിസി പ്രസിഡന്റിനെ വിളിച്ചിട്ട് ഫോൺ പോലും എടുത്തില്ല. ഏറ്റുമാനൂർ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചു. ഏറ്റുമാനൂർ ഇല്ലെങ്കിലും വൈപ്പിനിൽ മത്സരിക്കാൻ തയ്യാറായിരുന്നു, എന്നാല്‍ അത് നടന്നില്ല””- ലതിക പറഞ്ഞു. ഒരു പാർട്ടിയുടെയും പിന്തുണയില്ലെങ്കിലും ഏറ്റുമാനൂരിൽ ജയിക്കാനാകും എന്നാണ് വിശ്വാസമെന്നും ലതിക പ്രതികരിച്ചു. ഏറ്റുമാനൂരിൽ മുമ്പും സ്വതന്ത്ര സ്ഥാനാർത്ഥികൾ ജയിച്ച മണ്ഡലമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിൽ ഇടമില്ലെന്ന് ഉറപ്പായതോടെ അങ്ങേയറ്റം വൈകാരിക പ്രതികരണമാണ് ലതിക സുഭാഷ് ഇന്നലെ കെപിസിസി ഓഫീസിന് മുന്നില്‍ നടത്തിയത്. തല മുണ്ഡനം ചെയ്താണ് അവര്‍ വൈകാരിക പ്രതിഷേധം പങ്കുവെച്ചത്. ലതികാ സുഭാഷ് പാട്ടി വിട്ടതിന് പിന്നാലെ കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും രാജിയിലേക്ക് നീങ്ങുകയാണ്.
സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കെ.പി.സി.സി സെക്രട്ടറി രമണി പി. നായരും പാര്‍ട്ടി വിട്ടു. സീറ്റ് നല്‍കാമെന്ന് ചെന്നിത്തലയും ഉറപ്പ് നല്‍കിയിരുന്നുവെന്നും മരിക്കും വരെ കോണ്‍ഗ്രസുകാരായി തുടരുമെന്നും അവര്‍ പറഞ്ഞു. തുടര്‍ച്ചയായുള്ള അവഗണനെയെ തുടര്‍ന്നാണ് പാര്‍ട്ടി അംഗത്വം രാജിവെയ്ക്കുന്നതെന്നും രമണി പി. നായര്‍ പറഞ്ഞു.
Read more
പത്തനംതിട്ട മുന്‍ ഡി.സി.സി പ്രസിഡന്റ് മോഹന്‍ രാജ് അടക്കമുള്ളവരാണ് കഴിഞ്ഞ ദിവസം രാജിവെച്ചവരില്‍ പ്രമുഖര്‍. വരുംദിവസങ്ങളില്‍ കൂടുതല്‍ രാജിയുണ്ടാകുമെന്നാണ് വിവവരം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ ലതികാ സുഭാഷിന്റെ വേറിട്ട പ്രതിഷേധം കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. വരുംദിനങ്ങളില്‍ ഇക്കാര്യം ഇടതുമുന്നണി പ്രചാരണ ആയുധമാക്കിയേക്കും.