നിയമസഭാ കയ്യാങ്കളി കേസ്; കോൺഗ്രസ് മുൻ എംഎൽഎമാർക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

നിയമസഭാ കയ്യാങ്കളിക്കിടെ ഇടത് വനിതാ എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന ആരോപണത്തിൽ കോൺഗ്രസ് മുൻ എംഎൽഎമാർക്കെതിരെ എടുത്ത കേസ് റദ്ദാക്കി ഹൈക്കോടതി. കേസെടുത്തതിനെതിരെ മുൻ എംഎൽഎമാരായ എംഎ വാഹിദ്, ഡൊമിനിക് പ്രസന്റേഷൻ, കെ ശിവദാസൻ നായർ എന്നിവർ നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.

2015 മാർച്ച് 13ന് സംസ്ഥാന ബജറ്റ് അവതരണത്തിനിടെ ആയിരുന്നു നിയമസഭയിൽ കയ്യാങ്കളി നടന്നത്. അന്തരിച്ച മുൻ ധനമന്ത്രി കെഎം മാണി ബാർ കോഴക്കേസിലെ പ്രതിയാണെന്ന് ആരോപിച്ച് ബജറ്റ് അവതരണം തടയാൻ പ്രതിപക്ഷം നടത്തിയ ശ്രമം വലിയ കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. തുടർന്ന് ഇന്നത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇപി ജയരാജൻ, കെടി ജലീൽ എന്നിവരടക്കമുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു.

പിന്നീട് വനിതാ നേതാക്കളായ കെകെ ലതിക, ജമീല പ്രകാശം തുടങ്ങിയവരെ കയ്യേറ്റം ചെയ്തു, തടഞ്ഞുവെച്ചു എന്നാരോപിച്ച് 2023ലാണ് കോൺഗ്രസ് നേതാക്കളെയും കേസിൽ പ്രതി ചേർക്കാൻ തീരുമാനിക്കുന്നത്. ഇതിനെതിരെയാണ് കോൺഗ്രസ് മുൻ എംഎൽഎമാർ ഹൈക്കോടതിയെ സമീപിച്ചത്.