'കോടതി തീരുമാനം വരട്ടെ, മുകേഷ് എംഎൽഎ ആയി തുടരും'; എംവി ഗോവിന്ദന്‍

നടനും എംഎൽഎയുമായ മുകേഷിനെതിരെയുള്ള പീഡന പരാതി തെളിഞ്ഞിട്ടും സംരക്ഷിച്ച് സിപിഎം. മുകേഷ് എംഎൽഎ ആയി തുടരുമെന്നും കോടതി തീരുമാനം വരട്ടെ എന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. അതേസമയം സർക്കാരും പാർട്ടിയും ശരിയായ നിലപാട് സ്വീകരിക്കുമെന്ന് കേന്ദ്ര കമ്മറ്റി അംഗം ഇപി ജയരാജന്‍ വ്യക്തമാക്കി.

ആലുവ സ്വദേശിയായ നടി ആരോപണമാണ് ഇപ്പോൾ തെളിഞിരിക്കുന്നത്. മുകേഷിനെതിരെയുള്ള പീഡന പരാതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. എംഎൽഎക്കെതിരെ ഡിജിറ്റൽ തെളിവുകളുണ്ടെന്നും കുറ്റം തെളിഞ്ഞതായും കുറ്റപത്രത്തിൽ പറയുന്നു. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.

വാട്ട്സ് ആപ്പ് ചാറ്റുകളും ഇമെയിൽ സന്ദേശങ്ങളുമാണ് മുകേഷിനെതിരെയുള്ള ഡിജിറ്റൽ തെളിവുകൾ. കൂടാതെ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. ലൈംഗികാതിക്രമ വകുപ്പ് കൂടി ചേർത്താണ് മുകേഷിനെതിരെ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. താരസംഘടന ആയിരുന്ന എഎംഎംഎയുടെ അംഗത്വം വാഗ്ദാനം ചെയ്താണ് നടൻ മുകേഷ് പല സ്ഥലങ്ങളിൽ വെച്ച് നടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് കേസ്. നടിയുടെ രഹസ്യമൊഴിയടക്കം രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ മുകേഷിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

Read more