പണി പാളി ഗയ്‌സ്..., സഞ്ജു ടെക്കിയുടെ അക്കൗണ്ട് നീക്കം ചെയ്യാന്‍ യുട്യൂബിന് കത്ത് നല്‍കി; ഹൈക്കോടതി വടിയെടുത്തപ്പോള്‍ കടുത്ത നടപടികളുമായി മോട്ടോര്‍ വാഹനവകുപ്പ്

ഗതാഗത നിയമലംഘനം നടത്തുകയും സര്‍ക്കാര്‍ സംവിധാനങ്ങളെ യുട്യൂബ് വീഡിയോയിലൂടെ വെല്ലുവിളിക്കുകയും ചെയ്ത ടി എസ് സജുവിന്റെ (സഞ്ജു ടെക്കി) അക്കൗണ്ട് നീക്കം ചെയ്യാന്‍ കത്തയച്ച് മോട്ടോര്‍ വാഹനവകുപ്പ്. യുട്യൂബിന് ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ഇന്നു എംവിഡി കത്ത് അയച്ചു.

നിയമലംഘനങ്ങളടങ്ങിയ വീഡിയോകള്‍ നീക്കം ചെയ്യാനും വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതും തടയാനും കത്തില്‍ ആവശ്യപ്പെട്ടു. ഹൈക്കോടതി വിഷയത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് നിലപാട് കടുപ്പിച്ചിരിക്കുന്നത്.

ലൈസന്‍സ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് നല്‍കിയ നോട്ടീസില്‍ സഞ്ജു ടെക്കി എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ആര്‍ രമണന്‍ മുമ്പാകെ ഹാജരായി. എന്നാല്‍ നോട്ടീസില്‍ വിശദീകരണം നല്‍കിയില്ല. നിയമസഹായം തേടിയിട്ടുണ്ടെന്നും നാളെ പകല്‍ 2.30നുള്ളില്‍ വിശദീകരണം നല്‍കാമെന്നും സഞ്ജു അറിയിച്ചു.

കഴിഞ്ഞ ദിവസം, സജുവിന്റെ കാറിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മോട്ടോര്‍ വാഹന വകുപ്പ് (എം.വി.ഡി.) ഒരു വര്‍ഷത്തേക്കു കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ആലപ്പുഴ ആര്‍ടിഒ എകെ ദിലുവാണ് നടപടിയെടുത്തത്. വാഹനം സജു തന്നെ സൂക്ഷിക്കണം. പുറത്തിറക്കാന്‍ പാടില്ല. അറ്റകുറ്റപ്പണി വേണ്ടിവന്നാല്‍ നന്നാക്കുന്നതിന് എംവിഡിയുടെ അനുമതി വാങ്ങണം.

ശിക്ഷാനടപടിയുടെ ഭാഗമായി എടപ്പാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ചില്‍ നടത്തിയ പരിശീലനത്തില്‍ സജുവിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഇതു പരിഗണിച്ചാണ് ആര്‍.സി. റദ്ദാക്കുന്നത് ഒരു വര്‍ഷത്തേക്കു ചുരുക്കിയതെന്ന് ആര്‍.ടി.ഒ. പറഞ്ഞു. ഇക്കാലയളവില്‍ ഉടമയും വാഹനവും നിരീക്ഷണത്തിലായിരിക്കും.

ഇയാളും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സന്നദ്ധസേവനം തുടരുകയാണ്. അപകടത്തില്‍പ്പെട്ടു കഴിയുന്നവര്‍ക്കായി 15 ദിവസത്തെ സേവനമാണ് ചെയ്യേണ്ടത്. സജുവിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളുണ്ടാകും.

Read more

വീഡിയോ ചിത്രീകരിക്കുന്നതിനായി ടാറ്റ സഫാരി കാറില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കിയതിനും അതുമായി റോഡിലിറങ്ങിയതിനുമാണ് സഞ്ജു ടെക്കിക്കെതിരേ നടപടി സ്വീകരിച്ചത്. സഞ്ജു ടെക്കിക്ക് പുറമെ, സുഹൃത്ത് സൂര്യനാരായണനും എതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുത്തിരുന്നു. കാറിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും സഞ്ജുവിനെതിരേ ആറു വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു.