തിരുവനന്തപുരത്തെ ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന; പഴകിയ ഭക്ഷണം പിടികൂടി

തിരുവനന്തപുരം നെടുമങ്ങാട് ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന തുടരുന്നു. സ്റ്റാര്‍ ഹോട്ടല്‍, ബാര്‍ ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് റെയ്ഡ്. പരിശോധനയില്‍ കേടായ മുട്ട, പഴകിയ എണ്ണ, പഴയ ദോശ മാവ്, പഴകിയ ആഹാര സാധനങ്ങള്‍ എന്നിവ ഉള്‍പ്പടെ പിടിച്ചെടുത്തു. ബേക്കറിയില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക് കവറുകളും കണ്ടെടുത്തു.

എസ്‌യുടി ഹോസ്റ്റലിന്റെ മെസ്സില്‍ നിന്നും പഴകിയ എണ്ണയും അഴുകിയ 25 കിലോ മീനും പിടികൂടി. ബാര്‍ ഹോട്ടല്‍ സൂര്യ, ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയില്‍ നിന്നും ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന നിലയില്‍ പഴയ ആഹാര സാധനങ്ങള്‍ പിടിച്ചെടുത്തു. നെടുമങ്ങാട് ഇപ്പോഴും റെയ്ഡ് തുടരുകയാണ്.

കഴിഞ്ഞ ദിവസം നെടുമങ്ങാട് ഹോട്ടലില്‍ നിന്ന് വാങ്ങിയ പൊറോട്ട പൊതിയില്‍ നിന്ന് പാമ്പിന്റെ തോല്‍ കണ്ടെത്തിയതിന് പിന്നാലെയാണ് പരിശോധന ഊര്‍ജ്ജിതമാക്കിയത്. ചന്തമുക്കില്‍ പ്രവര്‍ത്തിച്ച് വരുന്ന ഷാലിമാര്‍ ഹോട്ടലില്‍ നിന്ന് വാങ്ങിയ പാഴ്‌സലിലാണ് പാമ്പിന്റെ അവശിഷ്ടംകിട്ടിയത്. ഹോട്ടല്‍ അടപ്പിച്ചിരുന്നു.

കാസര്‍ഗോഡ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ ഇന്ന് രാവിലെ മാര്‍ക്കറ്റില്‍ നിന്ന് 200 കിലോ പഴകിയ മത്സ്യം പിടികൂടിയിരുന്നു. ആരോഗ്യ വിഭാഗവും, ഫിഷറീസ് വകുപ്പും, ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പഴയ മത്സ്യം പിടിച്ചെടുത്തത്. തമിഴ്നാട്ടില്‍ നിന്ന് ലോറിയില്‍ വില്‍പനയ്ക്കായി എത്തിച്ചതാണ് ഇവ. 50 ബോക്സുകളിലായാണ് മത്സ്യം എത്തിച്ചത്. ഇതില്‍ 8 ബോക്സോളം പഴകിയതായിരുന്നു.

Read more

കാസര്‍ഗോഡ് ഷവര്‍മ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ചതിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനത്തുടനീളം പരിശോധന ശക്തമാക്കിയിരിക്കുകയാണ്.