മൊറാഴയിലെ വിവാദ ആയുര്‍വേദ റിസോര്‍ട്ടുമായി തനിക്ക് ബന്ധമില്ലന്നും തലശേരിയിലുള്ള കെ പി രമേശ് കുമാര്‍ എന്നയാളുടേതാണ് ആ റിസോര്‍ട്ടെന്നും ഇടതു മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കി. കൂടുതല്‍ വിശദീകരണത്തിന് ഇ പി ജയരാജന്‍ തെയ്യാറായിട്ടില്ല. ഇ പി ജയരാജന്‍ വന്‍ അഴിമതി നടത്തിയെന്ന് പി ജയരാജന്‍ സംസ്ഥാന കമ്മിറ്റിയില്‍ ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണിത്.
കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരിലാണ പി ജയരാജന്‍ അഴിമതി ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇപി ജയരാജന്റെ ഭാര്യ നേരത്തെ ഈ കമ്പനിയുടെ ഡയറക്ടറായിരുന്നു. ഇപിയുടെ മകന്‍ ജയ്‌സണ്‍ രാജ് വൈദേഹം എന്ന ഈ റിസോര്‍ട്ടിന്റെ ഡയറക്ടറാണ്. ഏറ്റവും ആധികാരികതയോടെയാണ് ആക്ഷേപം ഉന്നയിക്കുന്നതെന്ന് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പി.ജയരാജന്‍ പറഞ്ഞു.
റിസോര്‍ട്ട് തുടങ്ങുന്ന സമയത്ത് പ്രശ്‌നം ചൂണ്ടിക്കാണിച്ചപ്പോള്‍ ഡയറക്ടര്‍ ബോര്‍ഡില്‍ മാറ്റം വരുത്തിയെന്നും പി ജയരാജന്‍ ആരോപിച്ചിരുന്നു. ഗുരതരമായ ഈ അഴിമതിക്കെതിരെ പാര്‍ട്ടി നടപടിയെടുക്കണമെന്നാണ് പി ജയരാജന്‍ ആവശ്യപ്പെട്ടത്.
Read more
പി ജയരാജന്‍ ആരോപണം ഉന്നയിച്ച കമ്മിറ്റിയില്‍ ഇ പ ജയരാജന്‍ പങ്കെടുത്തിരുന്നില്ല. ആരോപണം ഉണ്ടെങ്കില്‍ എഴുതത്തരാന്‍ ആണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടത്. പരാതി രേഖാമൂലം കിട്ടിയാല്‍ പരിശോധിക്കാമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.