മാഹി വേശ്യകളുടെ കേന്ദ്രം; രാത്രികാലങ്ങളില്‍ യാത്ര ചെയ്യാനാവില്ല; വാവിട്ട വാക്കില്‍ പിസി ജോര്‍ജ് കുടുങ്ങി; കടുത്ത നടപടിയുമായി പുതുച്ചേരി പൊലീസ്

മാഹിയെക്കുറിച്ചും സ്ത്രീ സമൂഹത്തെക്കുറിച്ചും ബി.ജെ.പി നേതാവ് പി.സി.ജോര്‍ജ് നടത്തിയ അധിഷേപ പരാമര്‍ശത്തല്‍ പുതുച്ചേരി പൊലീസ് കേസെടുത്തു. 153 എ, 67 ഐ.ടി.ആക്ട്, 125 ആര്‍.പി. ആക്ട് എന്നിവ അനുസരിച്ചാണ് കേസ്. സിപിഎം മാഹി ലോക്കല്‍ സെക്രട്ടറി കെ.പി.സുനില്‍കുമാര്‍ ഉള്‍പ്പെടെ മാഹിയിലെ വിവിധ രാഷ്ട്രീയ കക്ഷികളും സംഘടനകളൂം നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസെടുത്തത്.

മയ്യഴി വേശ്യകളുടെ കേന്ദ്രമാണെന്നും രാത്രികാലങ്ങളില്‍ ഇതുവഴി യാത്ര ചെയ്യാനാവില്ലെന്നുമാണ് പി.സി ജോര്‍ജ് പ്രസംഗിച്ചത്. ഗുണ്ടകളും റൗഡികളും, തെമ്മാടികളും കൂത്താടിയിരുന്ന പ്രദേശമാണിതെന്നുമാണ് പി.സി.ജോര്‍ജ് ആരോപിച്ചിരുന്നു

മഹത്തായ സാംസ്‌കാകാരിക പൈതൃകമുള്ള മയ്യഴിയെ വികലമായി ചിത്രീകരിച്ച് മയ്യഴി ജനതയെ മ്ലേച്ഛമായ ഭാഷയില്‍ അപമാനിച്ച ബി.ജെ.പി. നേതാവ് പി.സി.ജോര്‍ജ് കോഴിക്കോട് നടത്തിയ പ്രസംഗം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് രമേശ് പറമ്പത്ത് എം.എല്‍.എ. പറഞ്ഞു. നാവില്‍ വരുന്നതെന്തും പുലമ്പുന്ന പി.സി.ജോര്‍ജ് മയ്യഴിയിലെ സ്ത്രീ സമൂഹമടക്കമുള്ള ജനങ്ങളെയാകെ അപമാനിച്ചിരിക്കയാണെന്നും രമേശ് പറമ്പത്ത് കുറ്റപ്പെടുത്തി.

ഈ കാര്യത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ അടിയന്തിരമായി ഇടപെടണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.
ജനങ്ങളെ മോശക്കാരായി ചിത്രീകരിക്കുന്ന ഇദ്ദേഹത്തെ പോലുള്ളവരെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.