'ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം, മണിയുടെ നാവിനെ നന്നാക്കുമാറാകണം'; എംഎം മണിയുടെ 'നാവ് നന്നാവാൻ' ഗാന്ധിജയന്തി ദിനത്തില്‍ പ്രാർത്ഥനയുമായി മഹിളാ കോൺഗ്രസ്

ഗാന്ധി ജയന്തി ദിനത്തില്‍ എംഎൽഎ എംഎം മണിയുടെ നാവ് നന്നാവാൻ പ്രാര്‍ത്ഥനയുമായി മഹിള കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം സർക്കാർ ജീവനക്കാർക്കെതിരെയുള്ള എംഎം മണിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മഹിള കോണ്‍ഗ്രസ് പ്രാര്‍ത്ഥന കൂട്ടായ്മ നടത്തിയത്. എംഎം മണിയില്‍ നന്മ ഉണ്ടാകുന്നതിനാണ് പ്രാര്‍ത്ഥനയെന്നാണ് സംഘടന നേതാക്കള്‍ പറയുന്നത്.

എംഎം മണി എന്ന എംഎല്‍എ നിരന്തരം സ്ത്രീകളെ അപമാനിക്കുകയാണെന്നും മഹിള കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ‘ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം, മണിയുടെ നാവിനെ നന്നാക്കുമാറാകണം, അമ്മയെയും പെങ്ങളെയും ബഹുമാനിക്കാറാക്കണേ’ എന്ന് പ്രാര്‍ത്ഥന ചൊല്ലിയാണ് പ്രതിഷേധം.

സർക്കാർ ജീവനക്കാർക്കെതിരെയുള്ള വിവാദ പരാമർശത്തിൽ എംഎം മണിക്കെതിരെ ഫെറ്റോ(ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓർ​ഗനൈസേഷൻ) ഡിജിപിക്ക് പരാതി നൽകിയിരുന്നു. സർക്കാർ ജീവനക്കാരേയും കുടുംബാംഗങ്ങളെയും അപമാനിച്ചെന്നാണ് പരാതിയിൽ പറയുന്നത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയാണ് സ്ത്രീ വിരുദ്ധവും പ്രകോപനപരവുമായ പരാമർശങ്ങള്‍ എംഎം മണി രം​ഗത്തെത്തിയത്.

‘ഔദ്യോഗിക കൃത്യനിർവഹണത്തിൽ രാഷ്ട്രീയം എടുത്താൽ ഞങ്ങളും രാഷ്ട്രീയം എടുക്കും. പിന്നെ നീയൊന്നും ഇവിടെ ജീവിക്കുകയില്ല. അമ്മയെയും പെങ്ങളെയും കൂട്ടിക്കൊടുത്ത് കാശുണ്ടാക്കി സർക്കാരിന് നൽകാൻ ഉദ്യോഗസ്ഥരോട് സർക്കാർ പറഞ്ഞിട്ടില്ല. കേസ് എടുത്തിട്ട് എല്ലാം സർക്കാരിന് പണം ഉണ്ടാക്കാൻ ആണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഉദ്യോഗസ്ഥർ നിയമത്തിന്‍റെ വഴിക്ക് നടന്നില്ലെങ്കിൽ കൈകാര്യം ചെയ്യും. അത് പൊലീസും, ആർടിഒയും, കലക്ടറുമായാലും’- ഇതായിരുന്നു എംഎം മണിയുടെ വാക്കുകൾ.