നീരാളിയായി റിപ്പോര്‍ട്ടര്‍, ബാര്‍ക്കില്‍ എല്ലാ ചാനലുകളെയും വിഴുങ്ങുന്നു; ഏഷ്യാനെറ്റിനെ വീഴ്ത്തി രണ്ടാം സ്ഥാനത്ത്; ആര്‍ക്കും വേണ്ടാതെ ജനവും മീഡിയ വണ്ണും; മലയാളിയുടെ മനസ് മാറുന്നു

മലയാളത്തിലെ ന്യൂസ് ചാനല്‍ യുദ്ധത്തില്‍ വന്‍കിട മാധ്യമ സ്ഥാപനങ്ങളുടെ ചാനലുകളെ ‘വിഴുങ്ങി’ റിപ്പോര്‍ട്ടര്‍ ടിവി. ടിആര്‍പിയില്‍ (ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റില്‍) കഴിഞ്ഞ ഒരു മാസമായി വന്‍ കുതിപ്പ് നടത്തുന്ന റിപ്പോര്‍ട്ടര്‍ എല്ലാ ചാനലുകളില്‍ നിന്നും പ്രേക്ഷകരെ ‘പിടികൂടുന്നുണ്ട്’. മലയാള മനോരമയുടെ കീഴിലുള്ള മനോരമ ന്യൂസ് മാതൃഭൂമി പത്രത്തിന്റെ കീഴിലുള്ള മാതൃഭൂമി ന്യൂസ് എന്നിവയ്ക്ക് പുറമെ സിപിഎമ്മിന്റെ പാര്‍ട്ടി ചാനലായ കൈരളി ന്യൂസ്, സംഘപരിവാറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജനം ടിവി, ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്‍ എന്നീ ചാനലുകളുടെ പ്രേക്ഷകരെയും സ്വന്തമാക്കിയാണ് റിപ്പോര്‍ട്ടര്‍ ബാര്‍ക്കില്‍ കുതിക്കുന്നത്.

ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റിന്റെ 33 ആഴ്ചയിലെ കണക്കില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാണ്. ഏഷ്യാനെറ്റ് ന്യൂസിന്റെ കുത്തക 24 ന്യൂസ് ഇളക്കിയതിന് പിന്നാലെ ബാര്‍ക്കില്‍ അത്ഭുതങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. നിലവില്‍ റിപ്പോര്‍ട്ടര്‍ ചാനലിനും പിന്നില്‍ മൂന്നാമതായാണ് ഏഷ്യാനെറ്റിന്റെ സ്ഥാനം. ഏഷ്യാനെറ്റിന്റെ സ്ഥിരം പ്രേക്ഷകര്‍ കൈവിട്ടില്ല. എന്നാല്‍, പുതിയ പ്രേക്ഷകരെ കണ്ടെത്താന്‍ ചാനലിന് സാധിക്കാത്തതാണ് ബാര്‍ക്കില്‍ അടിക്കടി പിന്നോട്ട് പോകാന്‍ കാരണം. മറ്റു ചാനലുകളില്‍ നിന്നുള്ള പ്രേക്ഷകരെ സ്വന്തമാക്കി 24 ന്യൂസും റിപ്പോര്‍ട്ടറും നടത്തുന്ന കുതിപ്പില്‍ മത്സരിക്കാന്‍ പോലും ഏഷ്യാനെറ്റിന് സാധിക്കുന്നില്ല.

മലയാളം ന്യൂസ് ചാനലുകളുടെ 33 ആഴ്ചയിലെ ടിആര്‍പി റേറ്റിങ്ങ് പുറത്തുവന്നപ്പോള്‍ 24 ന്യൂസ് ഒന്നാം സ്ഥാനം ആര്‍ക്കും കൈവിട്ട് നല്‍കിയിട്ടില്ല. എന്നാല്‍ ഒന്നാം സ്ഥാനം അധികകാലം നിലനില്‍ക്കില്ലെന്ന സൂചന നല്‍കി ടിആര്‍പിയില്‍ വന്‍ മുന്നേറ്റമാണ് റിപ്പോര്‍ട്ടര്‍ ടിവി നടത്തുന്നത്. ഒരോ ആഴ്ചയും 20 മുതല്‍ 50 പോയിന്റിന്റെ വരെ മുന്നേറ്റമാണ് ടിആര്‍പിയില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തുന്നത്. ഇ

മലയാളം ന്യൂസ് ചാനല്‍ ചരിത്രം തിരുത്തിയാണ് ശ്രീകണ്ഠന്‍ നായര്‍ നേതൃത്വം നല്‍കുന്ന 24 ബാര്‍ക്കില്‍ പുതിയ മുന്നേറ്റം നടന്നിരിക്കുന്നത്. 31 ആഴ്ചയില്‍ 150 പോയിന്റുമായാണ് ഏഷ്യാനെറ്റ് ന്യൂസിനെ 24 ആദ്യം മറികടന്നത്. തുടര്‍ന്ന് 32 ആഴ്ചയില്‍ അത് 165.78 പോയിന്റായി ഉയര്‍ത്താന്‍ 24 ന്യൂസിന് കഴിഞ്ഞിരുന്നു. എന്നാല്‍, ഈ നേട്ടം ബാര്‍ക്കില്‍ കഴിഞ്ഞ ആഴ്ച്ച ഉണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലും 157 പോയിന്റുമായി ഒന്നാമതെത്താന്‍ 24ന് കഴിഞ്ഞിട്ടുണ്ട്.

മനോരമ ന്യൂസിനെയും മാതൃഭൂമി ന്യൂസിനെയും ഏഷ്യാനെറ്റ് ന്യൂസിനെയും കടത്തി വെട്ടി റിപ്പോര്‍ട്ടര്‍ ടിവി ബാര്‍ക്കില്‍ ഇത്തവണയും എക്കാലത്തെയും വലിയ കുതിപ്പ് നടത്തിയിട്ടുണ്ട്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ എംവി നികേഷ് കുമാര്‍ രാജിവെച്ച് ഇറങ്ങിയതിന് പിന്നാലെ ടിആര്‍പിയില്‍ വന്‍ മുന്നേറ്റമാണ് ചാനല്‍ നടത്തുന്നത്. 31 ആഴ്ചയില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തിയ റിപ്പോര്‍ട്ടര്‍ ടിവി 116 പോയിന്റാണ് നേടിയത്. തുടര്‍ന്ന് 32 ആഴ്ചയിലേക്ക് എത്തിയതോടെ 136 പോയിന്റായി അത് ഉയര്‍ത്തിയിരുന്നു്. എന്നാല്‍, കഴിഞ്ഞ ആഴ്ചയില്‍ അത് 149 പോയിന്റായി ഉയര്‍ത്തി ന്യൂസ് ചാനലുകളിലെ രണ്ടാസ്ഥാനമെന്ന നേട്ടം റിപ്പോര്‍ട്ടര്‍ സ്വന്തമാക്കി.

ബാര്‍ക്കില്‍ ഏറ്റവും മികച്ച മുന്നേറ്റം നടത്തുന്ന ചാനലായി റിപ്പോര്‍ട്ടര്‍ മാറിയിട്ടുണ്ട്. ഈ മുന്നേറ്റം തുടര്‍ച്ചയായി കാഴ്ച്ചവെയ്ക്കുകയാണെങ്കില്‍ അധികം താമസിക്കാതെ തന്നെ ചാനല്‍ ഒന്നാം സ്ഥാനത്ത് എത്തിയേക്കും.

റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റോറിയല്‍ ചുമതലകള്‍ ഒഴിഞ്ഞ നികേഷ് സിപിഎമ്മിനൊപ്പം പ്രവര്‍ത്തിക്കുകയാണ്. നേരത്തെ 2016ല്‍ അഴീക്കോട് സിപിഎം സ്വതന്ത്രനായി മല്‍സരിക്കാന്‍ മാധ്യമപ്രവര്‍ത്തനം വിട്ടാണ് നികേഷ് കുമാര്‍ ഇറങ്ങിയത്. എന്നാല്‍ തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് റിപ്പോര്‍ട്ടര്‍ ടിവിയിലേക്ക് മടങ്ങി മാധ്യമപ്രവര്‍ത്തനം തുടരുകയായിരുന്നു.

മൂന്നാം സ്ഥാനത്തേക്ക് വീണ് ഏഷ്യാനെറ്റിന് ബാര്‍ക്കില്‍ വന്‍ തിരിച്ചടിയാണ് കഴിഞ്ഞ ആഴ്ച ഉണ്ടായത്. ഏഷ്യാനെറ്റ് ന്യൂസിന് 31 ആഴ്ചയില്‍ ബാര്‍ക്കില്‍ 147 പോയിന്റും, 32 ആഴ്ചയില്‍ 155 പോയിന്റും നേടി രണ്ടാം സ്ഥാനം നിലനിര്‍ത്തിയിരുന്നു. എന്നാല്‍, ഇക്കുറി ടിആര്‍പിയില്‍ 148 പോയിന്റുമായി ചാനല്‍ മൂന്നാം സ്ഥാനത്തേക്ക് വീഴുകയായിരുന്നു.

മനോരമ ന്യൂസിനും മാതൃഭൂമി ന്യൂസിനും ബാര്‍ക്കില്‍ വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. നാലാം സ്ഥാനത്ത് എത്തിയ മനോരമയ്ക്ക് കേവലം 73 പോയിന്റുകള്‍ മാത്രമാണ് നേടാനായത്. 65 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് മാതൃഭൂമി ന്യൂസാണ് നിലവിലുള്ളത്.

ആറാം സ്ഥാനത്ത് സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ന്യൂസാണ്. 25 പോയിന്റുകള്‍ നേടാനെ കൈരളിക്ക് സാധിച്ചിട്ടുള്ളൂ. സംഘപരിവാര്‍ അനുകൂല ചാനലായ ജനം ടിവിക്ക് ഇക്കുറി ടിആര്‍പിയില്‍ വന്‍ വീഴ്ച്ചയാണ് ഉണ്ടായിരിക്കുന്നത്. പതിവായി ഏഴാം സ്ഥാനം പങ്കിടാറുള്ള ജനത്തിന് ഇക്കുറി ആസ്ഥാനം നഷ്ടമായി. ന്യൂസ് 18 മലയാളമാണ് 25 പോയിന്റുമായി ഇക്കുറി ഏഴാം സ്ഥനത്ത് നില്‍ക്കുന്നത്. ബാര്‍ക്ക് റേറ്റില്‍ എട്ടാം സ്ഥാനത്ത് ഇത്തവണ ജനം ടിവിയാണ്. 23 പോയിന്റുകള്‍ നേടാനെ സംഘപരിവാര്‍ ചാനലിന് കഴിഞ്ഞിട്ടുള്ളൂ. ഏറ്റവും പിന്നില്‍ ജമാ-അത്തെ ഇസ്ലാമിയുടെ മീഡിയ വണ്ണാണ്. ഒമ്പതാം സ്ഥാനത്തുള്ള ചാനലിന് ബാര്‍ക്കില്‍ കേവലം 17 പോയിന്റുകള്‍ മാത്രമെ നേടാന്‍ സാധിച്ചിട്ടുള്ളൂ.