ഐ.എസിൽ ചേർന്ന് അഫ്ഗാൻ ജയിലിലായ നാല് മലയാളി സ്ത്രീകളുടെ കാര്യത്തിൽ സംസ്ഥാന സര്‍ക്കാരിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജയിലിൽ കഴിയുന്ന സ്ത്രീകളെ തിരികെ ഇന്ത്യയിലേക്ക് കൊണ്ടുവരേണ്ടതില്ല എന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനത്തോട് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് എന്താണ് എന്ന ചോദ്യത്തിനാണ് വാര്‍ത്താ സമ്മേളനത്തിനിടെ മുഖ്യമന്ത്രി മറുപടി നല്‍കിയത്.
ഇക്കാര്യത്തിൽ യഥാർത്ഥത്തിൽ നിലപാട് സ്വീകരിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഒരു പ്രശ്‌നമാണത്. അതിന്റെ ഭാഗമായി കേന്ദ്രം നിലപാട് സ്വീകരിക്കുകയാണ് വേണ്ടത്. അതിന്റെ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് കൂടുതല്‍ മനസിലാക്കേണ്ടതുണ്ട്. ഈ പറയുന്നവര്‍ അവിടുത്തെ ജയിലിലാണ്. അവര്‍ ഇങ്ങോട്ട് വരാന്‍ തയ്യാറുണ്ടോ എന്ന് അറിയേണ്ടതുണ്ട്. അതുപോലെ തന്നെ കുടുംബത്തിന്റെ അഭിപ്രായം അറിയാൻ തയ്യാറാകണം.
അങ്ങനെയൊക്കെക്കൂടി ഒരു പൊതുവായ നിലപാട് അക്കാര്യത്തിൽ സ്വീകരിക്കുകയാണ് വേണ്ടത്. സംസ്ഥാന സര്‍ക്കാരിന് ഇതിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. നടപടി സ്വീകരിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. കേന്ദ്ര സര്‍ക്കാര്‍ ഈ കാര്യങ്ങളെല്ലാം പരിശോധിച്ചുകൊണ്ടായിരിക്കണം ഒരു നിലപാട് സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read more
സോണിയ സെബാസ്റ്റ്യൻ എന്ന അയിഷ, റഫീല, മെറിൻ ജേക്കബ് എന്ന മറിയം, നിമിഷ എന്ന ഫാത്തിമ ഈസ എന്നീ മലയാളികളാണ് അഫ്ഗാൻ ജയിലിലുള്ളത്. ഖൊറാസാൻ പ്രവിശ്യയിലെ ഇസ്‌ലാമിക് സ്റ്റേറ്റിൽ (ഐഎസ്‌കെപി) ചേരാൻ ഭർത്താക്കന്മാർക്കൊപ്പം പോയി അഫ്ഗാനിസ്ഥാൻ ജയിലിലായവരാണിവർ. 2016-18 വർഷങ്ങളിലാണ് അഫ്ഗാനിസ്ഥാനിലെ നംഗർഹാറിലേക്ക് കേരളത്തിൽ നിന്നുള്ള നാല് സ്ത്രീകൾ യാത്രയായത്. അഫ്ഗാനിസ്ഥാനിൽ വ്യത്യസ്ത ആക്രമണങ്ങളിൽ ഇവരുടെ ഭർത്താക്കന്മാർ കൊല്ലപ്പെട്ടു. 2019 നവംബർ, ഡിസംബർ മാസങ്ങളിൽ അഫ്ഗാനിസ്ഥാൻ അധികൃതരുടെ മുമ്പാകെ കീഴടങ്ങിയ ആയിരക്കണക്കിന് ഇസ്ലാമിക് സ്റ്റേറ്റ് പോരാളികളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും കൂട്ടത്തിൽ ഈ സ്ത്രീകളും ഉൾപ്പെടുന്നു.