കണ്ണൂർ കടവത്തൂർ പുല്ലുക്കരയിൽ കൊല്ലപ്പെട്ട മൻസൂർ ഉത്തരമലബാറിൽ രാഷ്ട്രീയ സംഘർഷത്തിന് ഇരയാക്കപ്പെടുന്ന കാന്തപുരം എ.പി വിഭാഗത്തിൽ നിന്നുള്ള മൂന്നമത്തെയാൾ. കഴിഞ്ഞ മൂന്നു വർഷത്തിനിടെ കൊലക്കത്തിക്ക് ഇരയായ മട്ടന്നൂരിലെ ഷുഹൈബ്, കാഞ്ഞങ്ങാട്ടെ ഔഫ് അബ്ദുറഹിമാൻ എന്നിവരും എസ്.വൈ.എസുമായി ബന്ധമുള്ളവരായിരുന്നു എന്ന് മാധ്യമം റിപ്പോർട്ട് ചെയ്തു.
മൻസൂർ എസ്.എസ്.എഫ് പ്രവർത്തകനും മൻസൂറിന്റെ പിതാവ് മുസ്തഫ പാറാൽ കേരള മുസ്ലിം ജമാഅത്ത് പുല്ലൂക്കര യൂനിറ്റ് ജോയിന്റ് സെക്രട്ടറിയുമാണ്. കൊലപാതകത്തെ അപലപിച്ച് കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ മകൻ അബ്ദുൽ ഹകീം അസ്ഹരി ഇന്നലെ ഫേെയ്സ്ബുക്കിൽ കുറിപ്പ് എഴുതിയിരുന്നു. മൻസൂറിന്റെയും ഷുഹൈബിന്റെയും കൊലപാതകത്തിൽ പ്രതിസ്ഥാനത്ത് സി.പി.എമ്മുകാരാണ് എങ്കിൽ ഔഫ് അബ്ദുറഹിമാന്റെ കൊലക്കേസിൽ മുസ്ലിം ലീഗുകാരാണ് പ്രതികൾ.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് കാഞ്ഞങ്ങാട്ട് കല്ലൂരാവി പഴയ ബീച്ച് റോഡിൽ വെച്ച് 2020 ഡിസംബർ 23ന് ഔഫ് കൊല്ലപ്പെട്ടത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രാദേശികമായി പ്രവർത്തിച്ചതിന്റെ വിരോധത്തിലാണ് ഔഫിനെ മുസ്ലിം ലീഗുകാർ ആക്രമിച്ചത്. കൂത്തുപറമ്പ് മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി പൊട്ടങ്കണ്ടി അബ്ദുല്ലക്കുവേണ്ടി പ്രവർത്തിച്ച മുസ്ലിം ലീഗ് പ്രവർത്തകരും സി.പി.എമ്മും തമ്മിലുള്ള പ്രശ്നത്തിലാണ് കടവത്തൂർ പുല്ലൂക്കരയിൽ മൻസൂർ കൊല്ലപ്പെട്ടത്.
മട്ടന്നൂരിൽ കൊല്ലപ്പെട്ട ഷുഹൈബ് യൂത്ത് കോൺഗ്രസിന്റെ പ്രാദേശിക നേതാവും കെ. സുധാകരൻ എം.പിയുടെ അടുത്തയാളുമായിരുന്നു. എസ്.വൈ.എസിന്റെ നേതൃത്വത്തിലുള്ള സാന്ത്വനം സേവന പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിച്ചിരുന്ന ആളുമായിരുന്നു . സി.പി.എം- കോൺഗ്രസ് പ്രശ്നത്തിന്റെ പേരിലാണ് 2018 ഫെബ്രുവരി 12ന് ഷുഹൈബിനെ മട്ടന്നൂരിൽ സി.പി.എമ്മുകാർ വെട്ടികൊലപ്പെടുത്തിയത്.
Read more
മൻസൂറിന്റെ കൊലപാതകത്തിൽ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന സുഹൈലും കാന്തപുരം വിഭാഗവുമായി നേരത്തേ ബന്ധമുണ്ടെന്നാണ് പറയപ്പെടുന്നത്. സുഹൈൽ സജീവ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതായി ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പ്രാദേശിക സംഘടന നേതൃസ്ഥാനത്തുനിന്നും നേരത്തെ നീക്കം ചെയ്തിട്ടുണ്ടെന്ന് എസ്.വൈ.എസ് പാനൂർ സോൺ കമ്മിറ്റി അറിയിച്ചു.