മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡി.വൈ.എസ്.പി ഫിറോസിനെയാണ് മാറ്റിയത്. രണ്ടാമത്തെ വെടിവെയ്പ്പ് നടക്കുമ്പോള്‍ ഫിറോസ് സ്ഥലത്തുണ്ടായിരുന്നു. വെടിവെയ്പ്പിന് സാക്ഷിയായ ഉദ്യോഗസ്ഥന്‍ തന്നെ കേസന്വേഷിക്കുന്നത് ഉചിതമാവില്ലെന്ന് വ്യക്തമാക്കിയാണ് ക്രൈംബ്രാഞ്ചിന്റെ നടപടി.

ഡി.വൈ.എസ്.പി ഉല്ലാസാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍. അന്വേഷണം സുതാര്യമാകുന്നതിന്റെ ഭാഗമായാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. എസ്.പി സന്തോഷിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം.

അതേ സമയം മഞ്ചിക്കണ്ടി ഏറ്റുമുട്ടലില്‍ പരിക്കുകളോടെ രക്ഷപ്പെട്ടവരെ കണ്ടെത്താന്‍ പൊലീസിന് ഇനിയുമായില്ല. രണ്ടുപേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടെന്നായിരുന്നു പൊലീസ് വിശദീകരിച്ചിരുന്നത്. ആറ് പേരടങ്ങുന്ന മാവോയിസ്റ്റ് സംഘം കഴിഞ്ഞ മാസം 28-ന് തണ്ടര്‍ ബോള്‍ട്ട് സംഘത്തിന് നേരെ വെടിയുതിര്‍ത്തെന്നായിരുന്നു പൊലീസ് നല്‍കിയ വിശദീകരണം. ഇതില്‍ മൂന്നുപേര്‍ ആദ്യദിനവും ഒരാള്‍ രണ്ടാം ദിവസവും കൊല്ലപ്പെട്ടു. ആയുധധാരികളായ രണ്ടുപേര്‍ ഉള്‍വനത്തിലുണ്ടെന്നായിരുന്നു പൊലീസ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ മഞ്ചിക്കണ്ടി ഉള്‍വനത്തില്‍ ഡ്രോണ്‍ ഉള്‍പ്പെടെയുളള ആധുനിക തെരച്ചില്‍ സംവിധാനം ഉപയോഗിച്ച് പരിശോധനകള്‍ നടത്തി.

എന്നാല്‍ ഇവരുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ലെന്നാണ് വിശദീകരണം. ഇവര്‍ കര്‍ണാടക, തമിഴ്‌നാട് മേഖലകളിലേക്ക് പോകാനുളള സാദ്ധ്യത കൂടി കണക്കിലെടുത്ത് അതത് സംസ്ഥാനത്തെ ഉദ്യോഗസ്ഥരും തെരച്ചിലിനുണ്ട്.