മഞ്ചിക്കണ്ടി ഏറ്റുമുട്ടല്‍: മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കരിക്കാന്‍ അനുമതി; ഏറ്റുമുട്ടലില്‍ അന്വേഷണം വേണമെന്നും ഹൈക്കോടതി

മഞ്ചിക്കണ്ടി ഏറ്റുമുട്ടലിന് പിന്നിലെ പൊലീസ് പങ്ക് അന്വേഷിക്കണമെന്ന് ഹൈക്കോടതി. ഏറ്റുമുട്ടലിന് തണ്ടര്‍ബോള്‍ട്ട് സേന ഉപയോഗിച്ച ആയുധങ്ങള്‍ ഉടന്‍ വിദഗ്ധ പരിശോധന നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കൂടാതെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹം സംസ്‌കരിക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്. മണിവാസകം, കാര്‍ത്തി എന്നിവരുടെ മൃതദേഹമാണ് സംസ്‌കരിക്കാന്‍ അനുമതി നല്‍കിയത്.

ഏറ്റുമുട്ടലിലേക്ക് നയിച്ച സാഹചര്യം അന്വേഷിക്കണമെന്ന് കോടതി പറഞ്ഞു. ഏറ്റുമുട്ടലില്‍ പങ്കെടുത്ത പൊലീസുകാരുടെ ക്രിമിനല്‍ പശ്ചാത്തലം കൂടി പരിശോധിക്കണം. അന്വേഷണം തൃപ്തികരമല്ലെങ്കില്‍ ബന്ധുക്കള്‍ക്ക് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

മഞ്ചിക്കണ്ടിയിലേത് വ്യാജ ഏറ്റമുട്ടലാണെന്നും ഇതില്‍ കൃത്യമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട്, കൊല്ലപ്പെട്ട മണിവാസകത്തിന്‍റെയും കാര്‍ത്തിയുടെയും സഹോദരങ്ങളാണ് കോടതിയെ സമീപിച്ചത്. കാര്യങ്ങളില്‍ തീരുമാനമാകുന്നതു വരെ മൃതദേഹങ്ങള്‍ സംസ്‍കരിക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ഹര്‍ജിയാണ് ഇപ്പോള്‍ കോടതി തീര്‍പ്പാക്കിയിരിക്കുന്നത്.

Read more

ഇപ്പോള്‍ പൊലീസിന്‍റെ അന്വേഷണമായിരിക്കും നടക്കുക. സ്വതന്ത്ര അന്വേഷണമായിരിക്കും. അതില്‍ ബന്ധുക്കള്‍ക്ക് ഏതെങ്കിലും തരത്തില്‍ പരാതിയുണ്ടായാല്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നതിന് യാതൊരു തടസ്സവുമില്ലെന്നും കോടതി അറിയിച്ചു.