മഞ്ചക്കണ്ടിയില്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍ തുടരുന്നു; ഇന്നലെ വെടിവെയ്പ്പില്‍ പരിക്കേറ്റ മാവോയിസ്റ്റ് മരിച്ചു

അട്ടപ്പാടി വനത്തില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൂടി മരിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായ ഏറ്റുമുട്ടലില്‍ സ്ത്രീ ഉൾപ്പെടെ 3 മാവോയിസ്റ്റുകൾ വെടിയേറ്റു മരിച്ചു. 4 പേർ രക്ഷപ്പെട്ടു. ഇവരിൽ  ഗുരുതര പരുക്കേറ്റ മാവോയിസ്റ്റാണ് മരിച്ചത്. ഇതോടെ മരിച്ച മാവോയിസ്റ്റുകളുടെ എണ്ണം നാലായി. ഇന്ന് രാവിലെ മാവോയിസ്റ്റ് സംഘാംഗങ്ങൾക്കായുള്ള തെരച്ചിൽ നടക്കുന്നതിനിടെ വീണ്ടും വെടിവെയ്പ്പുണ്ടായി. വനത്തിലുള്ളില്‍ നിന്ന് വെടിയൊച്ചകള്‍ കേട്ടതായാണ് വിവരം.

തിങ്കളാഴ്ച രാവിലെ തണ്ടര്‍ബോള്‍ട്ടും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍  കര്‍ണാടക സ്വദേശി ശ്രീമതി, തമിഴ്‌നാട് സ്വദേശികളായ എ.എസ്. സുരേഷ്, കാര്‍ത്തി എന്നിവരാണ് മരിച്ചതെന്നാണ് വിവരം. മണിവാസകം എന്ന മാവോയിസ്റ്റിനും മറ്റൊൾക്കും വെടിയേറ്റിരുന്നു. ഇവരെ പിടികൂടാൻ സാധിച്ചിരുന്നില്ല. ഇവർക്കായി തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇന്ന് രാവിലെ വീണ്ടും വെടിവെയ്പ്പുണ്ടായത്. കബനിദളത്തിലെ പ്രമുഖ നേതാവാണ് മണിവാസകം.

ഇന്നലെ പട്രോളിംഗിനിറങ്ങിയ നിലമ്പൂരിൽ നിന്നുള്ള തണ്ടർ ബോ‌ള്‍ട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ ആദ്യം വെടിവെച്ചെന്നാണ് ഔദ്യോഗിക അറിയിപ്പ്. തിരിച്ചുള്ള ആക്രമണത്തില്‍ മൂന്നുപേർ മരിച്ചെന്നാണ് പൊലീസ് അറിയിച്ചത്. തണ്ടർബോള്‍ട്ട് അസി. കമാന്റന്റ് സോളമന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്ന് പേരെയും വെടിവച്ച് കൊന്നത്.

തണ്ടര്‍ബോള്‍ട്ട് സംഘാംഗങ്ങള്‍ ഇപ്പോഴും വനത്തിനുള്ളില്‍ തിരച്ചില്‍ നടത്തുകയാണ്. ഇന്നലെ നടന്ന ഏറ്റുമുട്ടലില്‍ മാവോവാദികളില്‍ ചിലര്‍ വനത്തിലുള്ളിലേക്ക് ചിതറിയോടിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവര്‍ക്കുള്ള തിരച്ചിലാണ് തണ്ടര്‍ബോള്‍ട്ട് സംഘം നടത്തുന്നത്.

മരിച്ചതവരുടെ മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് നടത്താന്‍ പൊലീസ്- മെഡിക്കല്‍- ഫോറന്‍സിക് സംഘങ്ങള്‍ മഞ്ചക്കണ്ടിയില്‍ നിന്ന് വനത്തിലേക്ക് പോയിട്ടുണ്ട്. ഫോറന്‍സിക് ഉദ്യോഗസ്ഥനും ഇദ്ദേഹത്തിന് വഴി കാട്ടാനായി പോയ ഒരു പ്രദേശവാസിയുമാണ് വനത്തില്‍നിന്ന് വെടിയൊച്ച കേട്ടത്.

Read more

അതേസമയം മഞ്ചക്കണ്ടി മേഖലയില്‍ മാവോവാദികള്‍ ഇടയ്ക്കിടക്ക് വരാറുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അരിയും മറ്റും പ്രദേശവാസികളില്‍നിന്ന് വാങ്ങാറുണ്ടെന്നും അവര്‍  പറഞ്ഞു. ആയുധങ്ങളുമായാണ് വരാറ്. ഇന്നലെ കൊല്ലപ്പെട്ട കാര്‍ത്തിയെ നേരത്തെ, പലതവണ പ്രദേശത്ത് കണ്ടിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.