മാവോയിസ്റ്റ് നേതാവിനെ കോഴിക്കോട് നിന്നും പിടികൂടി ജാര്‍ഖണ്ഡ് പൊലീസ്; കസ്റ്റഡിയില്‍ എടുത്തത് തൊഴിലാളി ക്യാമ്പില്‍ നിന്ന്

മാവോയിസ്റ്റ് നേതാവിനെ കോഴിക്കോട് നിന്നും പിടികൂടി ജാര്‍ഖണ്ഡ് പൊലീസ്. പന്തീരങ്കാവില്‍ ഒളിവില്‍ കഴിയവെ ജാര്‍ഖണ്ഡ് ദാബാ ജില്ലയിലെ കുളംഗൂര്‍ മേഖലയിലെ അജയ് ഒറാഓണ്‍ (27) ആണ് പിടിയിലായത്. മാവോയിസ്റ്റ് അനുകൂല സംഘടനയായ പീപ്പിള്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഏരിയാ കമാന്‍ഡറായ അജയ് ജാര്‍ഖണ്ഡ് പൊലീസ് 2019ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ്.

മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനില്‍ നിന്നാണ് പ്രതി കോഴിക്കോട് പന്തീരാങ്കാവിലുള്ളതായി തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ജാര്‍ഖണ്ഡ് പൊലീസ് ഇന്നു രാവിലെ അജയ് താമസിക്കുന്ന കൈമ്പാലത്തെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ക്യാമ്പ് വളഞ്ഞാണ് ഇയാളെ പിടികൂടിയത്.

മൂന്നുമാസം മുമ്പാണ് അജയ് ഒറാഓണ്‍ പന്തീരാങ്കാവില്‍ എത്തിയത്. വ്യാജപേരിലാണ് ഇവിടെ താമസിച്ചിരുന്നത്. ഇതിനു മുമ്പും അജയ് കേരളത്തില്‍ എത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കി. റോഡ് നിര്‍മ്മാണ സാമഗ്രികള്‍ കത്തിച്ചതിനും പിഎല്‍എഫ്ഐയുടെ ലഘുലേഖകള്‍ വിതരണം ചെയ്തതിനുമാണ് അജയ്ക്കെതിരെ ബിഷ്ണുപൂര്‍ പൊലീസ് കേസെടുത്തത്. കസ്റ്റഡിയില്‍ എടുത്ത ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നു വൈകിട്ടോടെ ജാര്‍ഖണ്ഡിലേക്ക് കൊണ്ടു പോകും.