മരട്: മുന്‍ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും

മരടിലെ അനധികൃത ഫ്‌ളാറ്റ് നിര്‍മ്മാണ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം മുന്‍ പഞ്ചായത്ത് ഭരണ സമിതിയിലേക്ക്. ഭരണ സമിതിയംഗങ്ങളായ രണ്ടുപേരെ ഇന്ന് ചോദ്യം ചെയ്യും. മരട് പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി  അംഗങ്ങളും പ്രാദേശിക സി.പി.എം നേതാക്കളുമായ പി കെ രാജു, എം ഭാസ്‌കരന്‍ എന്നിവരില്‍ നിന്നാണ് മൊഴിയെടുക്കുക.

നിയമം ലംഘിച്ച് നിര്‍മ്മാണ അനുമതികള്‍ നല്‍കിയതിനു പിന്നില്‍ പഞ്ചായത്ത് ഭരണസമിതിയുടെ കൂടി പിന്തുണയുണ്ടെന്നാണ് അറസ്റ്റിലുള്ള മുന്‍ മരട് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ് നല്‍കിയ മൊഴി. നിര്‍മ്മാണത്തിന് അനുമതി നല്‍കിയ കാലത്തെ പല രേഖകളും പിന്നീട് പഞ്ചായത്തില്‍ നിന്ന് അപ്രത്യക്ഷമായെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി.

പഞ്ചായത്ത് മിനിട്‌സിലും തിരുത്തല്‍ വരുത്തിയെന്നും ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് ഭരണ സമിതിയിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്. സിപിഎം ഏരിയ കമ്മിറ്റി അംഗം കൂടിയായ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എ ദേവസിയില്‍ നിന്ന് അടുത്ത ദിവസം മൊഴി എടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, ഫ്‌ളാറ്റുകള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള സമിതിയുടെ സിറ്റിങ്ങും കൊച്ചിയില്‍ തുടരും. 86 ഫ്‌ളാറ്റുടമകള്‍ ഇതുവരെ നഷ്ടപരിഹാരത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്ന് ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായരുടെ അധ്യക്ഷതയിലുള്ള നഷ്ടപരിഹാര നിര്‍ണയ സമിതി ഇന്നലെ അറിയിച്ചിരുന്നു. ഇന്നലെ 34 പേര്‍ക്കാണ് സമിതി നഷ്ടപരിഹാരത്തിന് ശിപാര്‍ശ ചെയ്തത്. 325 ഫ്‌ളാറ്റുടമകളില്‍ 239 അപേക്ഷകളാണ് ഇതുവരെ കമ്മിറ്റിയ്ക്ക് ലഭിച്ചിട്ടുള്ളത്. ഇതില്‍ 141പേര്‍ക്ക് ധനസഹായത്തിന് ശിപാര്‍ശ നല്‍കി കഴിഞ്ഞു.

ഇതിനിടെ, ഫ്‌ളാറ്റ് കേസില്‍ ക്രൈംബ്രാഞ്ച് തിരയുന്ന ഒന്നാം പ്രതിയും ജെയിന്‍ കോറല്‍ കോവ് ഉടമയുമായ സന്ദീപ് മേത്തയ്ക്ക് മദ്രാസ് ഹൈക്കോടതി ഇന്നലെ അന്തര്‍ സംസ്ഥാന ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. നവംബര്‍ 18 വരെയാണ് അറസ്റ്റ് തടഞ്ഞിട്ടുള്ളത്. ക്രൈംബ്രാഞ്ച് വാദങ്ങള്‍ കേള്‍ക്കാതെയാണ് ഇടക്കാല ജാമ്യം നല്‍കിയത്.

കോടതി തീരുമാനത്തിനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. കേസിലെ ക്രൈംബ്രാഞ്ച് ഹാജരാകാന്‍ ആവശ്യപ്പെട്ട് ആല്‍ഫ വെഞ്ചേഴ്‌സ് ഉടമ ജെ പോള്‍ രാജിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി എറണാകുളം ജില്ലാ കോടതി തള്ളി. ക്രൈംബ്രാഞ്ച് കസ്റ്റിഡിയിലുള്ള മൂന്ന് പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.