മരട് ഫ്‌ളാറ്റ് പൊളിക്കല്‍: ഇന്ധന വിതരണം നിര്‍ത്തി വെക്കും

മരട് ഫ്‌ളാറ്റ് പൊളിക്കുന്ന ദിവസം ഇന്ധന വിതരണം താല്‍ക്കിലകമായി നിര്‍ത്തിവെക്കും. കുണ്ടന്നൂരിലെ പൈപ്പിലൂടെയുള്ള ഇന്ധന വിതരണമാണ് നിര്‍ത്തി വെക്കുക. ഈ ഭാഗത്ത് പൈപ്പിനുള്ളില്‍ വെള്ളം നിറക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് നോട്ടിസ് നല്‍കിയെന്നും എക്സ്പ്ലോസിവ് കണ്‍ട്രോളര്‍ പറഞ്ഞു. ജെയിന്‍ ഫ്ളാറ്റും ഗോള്‍ഡന്‍ കായലോരം ഫ്ളാറ്റും സ്ഫോടന വിദഗ്ധര്‍ സന്ദര്‍ശിച്ചു. വൈകിട്ട് ആല്‍ഫാ സെറിന്‍ ഫ്ളാറ്റിലും സന്ദര്‍ശനം നടത്തും.

ജനുവരി 11-ന് രാവിലെ 11 മണിക്ക് ഹോളി ഫെയ്ത്ത് എന്ന ഫ്‌ലാറ്റ് സമുച്ചയമാണ് ആദ്യം പൊളിക്കുക. ഇതിനായി സ്‌ഫോടന വസ്തുക്കള്‍ ഈ ഫ്‌ലാറ്റ് സമുച്ചയത്തില്‍ നിറയ്ക്കാനുള്ള പ്രാരംഭ ജോലികള്‍ തുടങ്ങിയിട്ടുണ്ട്. ഇരട്ട സമുച്ചയമായ ആല്‍ഫ സെറീന്‍ ടവേഴ്‌സ് പൊളിക്കാന്‍ പ്രത്യേക തയ്യാറെടുപ്പുകള്‍ ആവശ്യമാണ്. ഇത് വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം രണ്ടാം ദിവസമേ ജെയ്ന്‍ കോറല്‍ കോവും, ഗോള്‍ഡന്‍ കായലോരവും പൊളിയ്ക്കൂ. രാവിലെ 11 മണിക്ക് കോറല്‍ കോവ് പൊളിച്ച് നീക്കും, ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗോള്‍ഡന്‍ കായലോരവും നിലംപൊത്തും. സ്‌ഫോടനം നടക്കുന്ന ദിവസം നാല് മണിക്കൂര്‍ മാത്രമേ സ്ഥലത്ത് നിന്ന് പരിസരവാസികള്‍ മാറി നില്‍ക്കേണ്ടതുള്ളൂ.

Read more

ഇന്‍ഷൂറന്‍സ് തുക അന്തിമമാക്കിയെങ്കിലും ഏതെങ്കിലും വീടുകള്‍ക്കോ വസ്തുക്കള്‍ക്കോ കേടുപാടുകള്‍ സംഭവിച്ചാല്‍ അതിന് വിപണി വില അനുസരിച്ചുള്ള നഷ്ടപരിഹാരം കൂടി നല്‍കുമെന്നും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ആകെ ഇന്‍ഷൂറന്‍സ് തുക 95 കോടി രൂപയുടേതാണ്. ജനസാന്ദ്രത കുറഞ്ഞ മേഖലയിലെ ഫ്‌ലാറ്റുകളായ ഗോള്‍ഡന്‍ കായലോരം, ജെയ്ന്‍ കോറല്‍ എന്നിവയായിരിക്കണം ആദ്യദിവസം പൊളിക്കേണ്ടത് എന്നായിരുന്നു നാട്ടുകാരുടെ പ്രധാനആവശ്യം. എന്നാല്‍ ഇത് സംയുക്തസമിതി അംഗീകരിച്ചിട്ടില്ല. ആദ്യ ദിവസം പൊളിക്കുന്നത് ഹോളി ഫെയ്ത്ത്, ആല്‍ഫ സെറീന്‍ ടവേഴ്‌സ് എന്നിവ തന്നെയാണ്.