മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്നാണ് ആവശ്യം. മാത്യു കുഴൽനാടൻ എംഎൽഎയും കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവും സമർപ്പിച്ച റിവിഷൻ ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
ഹർജിയിൽ മാസങ്ങൾക്കുമുമ്പ് വാദം പൂർത്തിയാക്കിയ സിംഗിൾ ബെഞ്ച്, കേസ് ഉത്തരവിനായി മാറ്റുകയായിരുന്നു. മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ ഈ ആവശ്യം തള്ളിയിരുന്നു. ഇതിനെതിരെയാണ് മാത്യു കുഴൽനാടനും ഗിരീഷ് ബാബുവും റിവിഷൻ ഹർജി സമർപ്പിച്ചത്. ഹർജിയിൽ വാദം നടക്കുന്നതിനിടെ ഗിരീഷ് ബാബു മരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ എതിർ കക്ഷികളാക്കിയാണ് മാത്യു കുഴൽനാടൻറെ ഹർജി.
മുഖ്യമന്ത്രിയുടെ മകൾ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്സാലോജിക് കമ്പനി സിഎംആർ എല്ലിൽ നിന്ന് മാസപ്പടി വാങ്ങിയതെന്നും ഇത് വിജിലൻസ് അന്വേഷണത്തിൻറെ പരിധിയിൽ വരുമെന്നുമാണ് വാദം. വീണ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട് വെയർ സേവനത്തിൻറെ പേരിൽ ഒരു കോടി 72 ലക്ഷം രൂപ നൽകിയെന്നായിരുന്നു ആദായ നികുതി സെറ്റിൽമെൻറ് ബോർഡിൻറെ കണ്ടെത്തൽ. ഇതുകൂടാതെ ലോൺ എന്ന പേരിലും അരക്കോടിയോളം രൂപ നൽകിയിരുന്നു.
Read more
ഇത് സംബന്ധിച്ചാണ് ഇഡിയും കള്ളപ്പണം തടയൽ നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തുന്നത്. ഇല്ലാത്ത സേവനത്തിന് വീണയുടെ കമ്പനി പണം വാങ്ങിയത് കള്ളപ്പണം വെളുപ്പിക്കലിൻറെ പരിധിയിൽ വരുമെന്നാണ് ഇഡി കണക്കുകൂട്ടുന്നത്. സിഎംആർഎല്ലിൻറെ ബാലൻസ് ഷീറ്റിൽ കളളക്കണക്കിൻറെ പെരുക്കങ്ങളുണ്ടെന്ന് ആദായ നികുതി വകുപ്പും കണ്ടെത്തിയിരുന്നു.