ഫാഷൻ ജ്വല്ലറി തട്ടിപ്പ് കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എം സി കമറുദ്ദീൻ എംഎൽഎ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. തട്ടിപ്പിന്‍റെ ബുദ്ധികേന്ദ്രം കമറുദ്ദീനാണെന്നും നിക്ഷേപകരെ വലയിലാക്കാൻ പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചെന്നും സർക്കാർ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു.
എന്നാൽ സ്ഥാപനത്തിന്‍റെ നേരിട്ടുളള ചുമതലയിൽ താൻ ഇല്ലായിരുന്നെന്നും നിക്ഷേപകർ ആവശ്യമെങ്കിൽ കമ്പനി ലോ ബോർഡിനെയാണ് സമീപിക്കേണ്ടതെന്നുമാണ് കമറുദ്ദീന്‍റെ നിലപാട്. കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ ഇന്നലെ റിമാൻഡ് ചെയ്ത കമറുദ്ദീന്‍റെ ജാമ്യപേക്ഷയിൽ ഹോസ്ദുർഗ് കോടതിയിൽ ഇന്ന് ഉത്തരവുണ്ടാകും. ഇതുവരെ 11 കേസുകളിലാണ് എംഎൽഎയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതി എംസി കമറുദ്ദീൻ എംഎൽഎ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഹൊസ്‌ദുർഗ് കോടതിയിൽ ശക്തമായ വാദമാണ് ഇന്നലെ നടന്നത്. കേസിൽ തങ്ങൾക്കെതിരെ ചുമത്തിയ 406, 409 വകുപ്പുകൾ നിലനിൽക്കില്ലെന്ന് പ്രതിഭാഗം പറഞ്ഞു. പൊതുപ്രവർത്തകൻ എന്ന നിലയിലല്ല കച്ചവടക്കാരൻ എന്ന നിലയിലാണ് ഐപിസി 409 ചുമത്തിയിരുക്കുന്നതെന്ന് കോടതി മറുപടി നൽകി. കമറുദ്ദീൻ ഒപ്പിട്ട് നിയമവിരുദ്ധ നിക്ഷേപങ്ങൾ വാങ്ങിയെന്നായിരുന്നു സർക്കാർ വാദം.
കമറുദ്ദീൻ ആസ്തി സംബന്ധിച്ച് വിവരങ്ങൾ പറയുന്നില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു. കൂടുതൽ രേഖകളും തെളിവുകളും കണ്ടെത്താനുണ്ട്. രജിസ്റ്റാർ ഓഫ് കമ്പനീസിന് 2017- ന് ശേഷം രേഖകൾ സമർപ്പിച്ചിട്ടില്ല. കമ്പനി പൂട്ടിയ ശേഷവും നിക്ഷേപം സ്വീകരിച്ചു. ഒരു വ്യവസ്ഥയും പാലിക്കാതെയാണ് നിക്ഷേപം വാങ്ങിയതെന്നും പ്രൊസിക്യുഷൻ ജാമ്യാപേക്ഷയെ എതിർത്ത് കൊണ്ട് വാദിച്ചു.
Read more
എല്ലാത്തിനും ഉത്തരവാദി എംഡി പൂക്കോയ തങ്ങളെന്ന് പ്രതിഭാഗം വാദിച്ചു. പൂക്കോയ തങ്ങൾ ഒളിവിലായതിനാൽ രണ്ടാം പ്രതിയെ കസ്റ്റഡിയിൽ വിടുന്നത് ശരിയല്ല. ദൈനംദിന കാര്യങ്ങളിൽ ചെയർമാന് പങ്കില്ല. എംഎൽഎയെ സമൂഹത്തിന് മുന്നിൽ താറടിക്കാനുള്ള ശ്രമമമാണ് കേസ്. നിക്ഷേപം വാങ്ങുന്ന സമയത്ത് വഞ്ചന നടത്തണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ട് വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിൻറെ വാദം.