'സന്ദീപിന്റെ കോൺഗ്രസ്സ് പ്രവേശനം മാധ്യമങ്ങൾ മഹത്വവൽക്കരിക്കുന്നു'; ലീഗ് ബാബറി മസ്ജിദ് തകർത്ത കോൺഗ്രസിനൊപ്പം നിന്നു: മുഖ്യമന്ത്രി

ബിജെപി വിട്ട് സന്ദീപ് വാര്യരുടെ കോൺഗ്രസ്സ് പ്രവേശനം മാധ്യമങ്ങൾ മഹത്വവൽക്കരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറയി വിജയൻ. സന്ദീപ് വാര്യർ പാണക്കാട് പോയി എന്ന വാർത്ത കണ്ടു. ലീഗ് അണികൾ ഇന്നലെ വരെ സന്ദീപ് സ്വീകരിച്ച നിലപാട് അറിയുന്നവരാണ്. ബാബറി മസ്ജിദ് തകർത്ത ശേഷമുള്ള ഒറ്റപ്പാലം തെരഞ്ഞെടുപ്പ് ആണ് ഓർമവന്നത്. സന്ദീപിന്റെ കോൺഗ്രസ് പ്രവേശനത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലീഗ് ബാബറി മസ്ജിദ് തകർത്ത കോൺഗ്രസിനൊപ്പം നിന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അതേസമയം ബാബറി മസ്‌ജിദ് തകർത്തത് ആർഎസ്എസ് നേതൃത്വത്തിൽ ഉള്ള സംഘപരിവാർ ആണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എല്ലാ ഒത്താശയും ചെയ്‌തത്‌ കോൺഗ്രസ് നേതൃത്വത്തിൽ ഉള്ള കേന്ദ്ര ഗവൺമെന്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂട്ട് നിന്ന കോൺഗ്രസിനെതിരായി വികാരം ഉണ്ടായി. ഇവിടെ വലിയ അമർഷം ലീഗിന് ഉണ്ടായി‌. പക്ഷേ മന്ത്രി സ്ഥാനം വിട്ടുള്ള ഒരു കളിക്കും തത്കാലം പോകണ്ടാന്നു തീരുമാനിച്ചു. ബാബരി മസ്ജിദ് തകർത്ത കോൺഗ്രസിന് ഒപ്പം നിന്നു. അന്നത്തെ തങ്ങൾ ലീഗ് അണികളെ തണുപ്പിക്കാൻ വന്നു. തങ്ങൾ വന്നാൽ ഓടി കൂടുന്ന ലീഗുകാർ ഇല്ല. ഇത്ര വലിയ പ്രതിഷേധം ഉണ്ടായത് ശരിയായ നിലപാട് സ്വീകരിക്കാൻ കഴിയാത്തത് കൊണ്ടാണ്.

പാലക്കാട് ഉള്ള ലീഗ് അണികളും മത ന്യൂനപക്ഷ ആളുകളും ഇന്നലെ വരെ ഇദ്ദേഹം സ്വീകരിച്ച നിലപാട് അറിയാവുന്നവരാണ്. പാണക്കാട് പോയി സംസാരിച്ചത് അത് തീർക്കാൻ വേണ്ടിയാണ്. കോൺഗ്രസ്‌ ചെയ്യുന്ന നിലപാട് എതിർക്കാൻ ലീഗിന് കഴിയുന്നില്ല. സന്ദീപ് എന്തായിരുന്നു എന്ന് ലീഗ് അണികൾക്കും അറിയാമല്ലോ. അവരിൽ എല്ലാമുള്ള അമർഷവും പ്രതിഷേധവും ശമിപ്പിക്കാൻ പാണക്കാട് പോയി വർത്തമാനം പറഞ്ഞാൽ തീരുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.