കാരുണ്യ ഫാർമസികളിൽ മരുന്നില്ല; കടക്കെണിയിലായ വൃക്കരോഗികൾ സമരത്തിനൊരുങ്ങുന്നു

സംസ്ഥാനത്തെ കാരുണ്യ ഫാർമസികളിൽ വൃക്ക രോഗികൾക്കുള്ള മരുന്ന് കിട്ടാനില്ല. മരുന്ന് മുടങ്ങിയാൽ ജീവൻ തന്നെ അപകടത്തിലാകുന്ന സാധാരണക്കാരായ രോഗികൾ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വൻതുകയ്ക്ക് മരുന്ന് വാങ്ങുകയാണ്. അവശ്യമരുന്നുകൾ കാരുണ്യ ഫാർമസികളിൽ ലഭ്യമാക്കിയില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങാനാണ് കാരുണ്യ ഫാർമസികളിൽ നിന്ന് മരുന്നു വാങ്ങുന്ന വൃക്ക രോഗികൾകളുടെ തീരുമാനം.

വൃക്ക മാറ്റിവച്ച രോഗികളും ഡയാലിസിസ് ചെയ്യുന്നവരുമടക്കം ആയിരക്കണക്കിന് പേരാണ്  ഓരോ ജില്ലയിലുമുള്ളത്. പലരും ദിവസവും ഇരുപതിനടുത്ത് മരുന്നുകൾ ഉപയോഗിക്കുന്നവരാണ്. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി കാരുണ്യ ഫാർമസികളിൽ പ്രാധാനപ്പെട്ട മരുന്നുകൾ ലഭ്യമല്ല. ആരോഗ്യമന്ത്രിയെ അടക്കം പ്രശ്നം ധരിപ്പിച്ചിട്ടും പരിഹാരം കാണാത്തതിനാൽ സമരത്തിലേക്ക് നീങ്ങാനാണ് വൃക്ക രോഗികളുടെ കൂട്ടായ്മയുടെ തീരുമാനം.

കോവിഡ് കാലത്ത് അത്യാവശ്യ ബ്രാൻഡ് മരുന്നുകൾ മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ നിന്നും നീതി സ്റ്റോർ ഉൾപ്പെടെയുള്ള സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും വാങ്ങി നൽകാമെന്ന് ഉത്തരവുണ്ടായിരുന്നു. ഇത് സർക്കാർ ഒഴിവാക്കിയതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം. പലരും ലോൺ എടുത്തും കടം വാങ്ങിയുമാണ് വൻ വിലയ്ക്ക് മരുന്ന് വാങ്ങുന്നത്. തദ്ദേശ സ്ഥാപനങ്ങൾ മരുന്ന് വാങ്ങാൻ പണം അനുവദിക്കുന്നുണ്ടെങ്കിലും ഇത് ലഭ്യമാക്കാൻ മെഡിക്കൽ ഓഫീസർമാർ ഇടപെടുന്നില്ലെന്നാണ് പരാതി.