കാട്ടാക്കടയില്‍ ആക്രമണം നടത്തിയത് മാനസിക വിഭ്രാന്തിയുള്ളവര്‍, ഇത്തരം കളകളെ പറിച്ചെറിയും; മാപ്പ് ചോദിച്ച് കെ.എസ്.ആര്‍.ടി.സി, എം.ഡി

കാട്ടാക്കടയില്‍ മകള്‍ക്ക് മുന്നില്‍ വെച്ച് കെഎസ് ആര്‍ടിസി ജീവനക്കാര്‍ അച്ഛനെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊതുജനങ്ങളോട് മാപ്പ് ചോദിച്ച് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ രംഗത്ത്. കെഎസ്ആര്‍ടിസിയില്‍ ഇത്തരം ചില മാനസിക വിഭ്രാന്തിയുള്ള ജീവനക്കാരുണ്ടെന്നും അവരാണ് ഈ സ്ഥാപനത്തിന്റെ നാശത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തിലുള്ള കളകളെ പറിച്ചെറിയാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശമെന്നും ഇങ്ങനെയുള്ളവരെ സംരക്ഷിക്കുന്ന നടപടി ഒരിക്കലും മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്ന് ഉണ്ടാവുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, എഫ്ഐആറില്‍ ഈ പ്രതികളുടെ പേര് ഇതുവരെയും ചേര്‍ത്തിട്ടില്ല. ആക്രമണം നടത്തിയ കണ്ടാല്‍ അറിയാവുന്ന അഞ്ച് പേര്‍ക്കെതിരെയാണ് നിലവില്‍ കാട്ടാക്കട പൊലീസ് കേസെടുത്തിരിക്കുന്നത്.

കയ്യേറ്റം ചെയ്യല്‍, സംഘം ചേര്‍ന്ന് ആക്രമിക്കല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. കോഴ്സ് സര്‍ട്ടിഫിക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മകളുടെ മുന്നില്‍ വച്ച് അച്ഛനെ മര്‍ദ്ദിച്ചത്.

Read more

രേഷ്മയെ തള്ളി മാറ്റിയതിന് കേസെടുത്തിട്ടില്ല. യൂണിയന്‍ നേതാക്കള്‍ ഉള്‍പ്പെട്ട കേസായതിനാല്‍ അറസ്റ്റ് വൈകിപ്പിക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകുമെന്ന വിമര്‍ശനം ശക്തമാണ്. രേഷ്മയുടെ മൊഴി രേഖപ്പെടുത്തി കൂടുതല്‍ ശക്തമായ വകുപ്പുകള്‍ ചുമത്തണമെന്നാണ് ആവശ്യം ഉയരുന്നത്.