കേരള സര്‍ക്കാരിന്റേത് ന്യൂനപക്ഷ പ്രീണനം; ധനസഹായം നല്‍കുന്നില്ലെന്ന വാദം വ്യാജമാണെന്ന് ബാലാവകാശ കമ്മീഷന്‍

മദ്രസകള്‍ക്ക് ധനസഹായം നല്‍കുന്നില്ലെന്ന കേരള സര്‍ക്കാരിന്റെ വാദം വ്യാജമാണെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനായ പ്രിയങ്ക് കനൂന്‍ഗോ. രാജ്യത്തെ മദ്രസകള്‍ അടപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനൊടുവിലാണ് തീരുമാനമെടുത്തതെന്നും പ്രിയങ്ക് കനൂന്‍ഗോ പറഞ്ഞു.

മദ്രസകള്‍ അടയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ മറ്റ് മാര്‍ഗങ്ങള്‍ തേടുമെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ അറിയിച്ചു. മദ്രസയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉടന്‍ തന്നെ സ്‌കൂളുകളിലേക്ക് പോകണം. കേരള സര്‍ക്കാരിന്റെ നയം മുസ്ലീം പ്രീണനമാണെന്നും പ്രിയങ്ക് കനൂന്‍ഗോ പറഞ്ഞു. മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങള്‍ ലംഘിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷന്‍ മദ്രസകള്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടത്.

മദ്രസകള്‍ക്കുള്ള സഹായങ്ങള്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ബാലാവകാശ കമ്മീഷന്‍ എല്ലാ സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചിരുന്നു. മദ്രസകളെ കുറിച്ച് കമ്മീഷന്‍ പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയത്.

മദ്രസകളിലെ വിദ്യാഭ്യാസത്തിനെതിരെ വലിയ വിമര്‍ശനമാണ് കത്തില്‍ ഉന്നയിക്കുന്നത്. മുസ്ലിം വിദ്യാര്‍ത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ മദ്രസകള്‍ പരാജയപ്പെട്ടുവെന്നാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ വിലയിരുത്തല്‍. മദ്രസകള്‍ വിദ്യാഭ്യാസ സംരക്ഷണ നിയമത്തിന് എതിരായാണ് പ്രവര്‍ത്തിക്കുന്നതെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.

മദ്രസകള്‍ കുട്ടികളുടെ പൊതുവിദ്യാഭ്യാസത്തിന് തടസമാകുന്നുവെന്നും, മദ്രസകള്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തലാക്കണമെന്നും 11 പേജുളള കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മദ്രസകളിലെ കുട്ടികളെ പൊതുവിദ്യാലയത്തിലേക്ക് മാറ്റണമെന്നും നിര്‍ദ്ദേശമുണ്ട്. മദ്രസകളില്‍ മുസ്ലിം ഇതര കുട്ടികള്‍ പഠിക്കുന്നുണ്ടെങ്കില്‍ ഇവരെ മറ്റ് സ്‌കൂളുകളിലേക്ക് മാറ്റാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. മദ്രസകളില്‍ പഠിക്കുന്ന മുസ്ലിം കുട്ടികള്‍ക്ക് ഔപചാരിക വിദ്യാഭ്യാസം കിട്ടുന്നുണ്ടെന്ന കാര്യം സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കണമെന്നും കത്തില്‍ പറയുന്നു.

അതേസമയം നിര്‍ദേശത്തിനെതിരേ എന്‍ഡിഎയുടെ സഖ്യകക്ഷിയായ എല്‍ജെപി രംഗത്തെത്തി. എന്നാല്‍ വിഷയം പഠിച്ച ശേഷം പ്രതികരിക്കാമെന്നാണ് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ നിലപാട്.

Read more