ആലുവയില്‍ കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം പെരിയാറില്‍ കണ്ടെത്തി

ആലുവയില്‍ കഴിഞ്ഞ ദിവസം കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പെരിയാറില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അടുവാതുരുത്ത് ആലുങ്കല്‍പറമ്പില്‍ രാജേഷിന്റെ മകള്‍ നന്ദന(15)യാണ് മരിച്ചത്. ആലുവ യു.സി. കോളജിനടുത്തുള്ള തടിക്കക്കടവ് പാലത്തിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ബുധനാഴ്ച സ്‌കൂളിലേക്ക് പോയതായിരുന്നു നന്ദന. അന്ന് തടിക്കക്കടവിന് സമീപത്ത് നിന്നാണ് നന്ദനയെ കാണാതായത്. വൈകിട്ട് മൂന്ന് മണിയായിട്ടും വീട്ടില്‍ തിരിച്ച് എത്താതായതോടെ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് പൊലീസും നാട്ടുകാരും അന്വേഷണം ആരംഭിച്ചത്. പെണ്‍കുട്ടിയുടെ ചില സിസിടിവി ദൃശ്യങ്ങള്‍ അതിനിടെ ലഭിച്ചു. ഇതോടെ കുട്ടി പെരിയാറിന്റെ തീരത്തേക്ക് നടന്നു പോകുന്നതായി മനസ്സിലായി. പെരിയാറിന്റെ തീരത്ത് ഉച്ചയ്ക്ക് കുട്ടിയെ കണ്ടതായി ചില പ്രദേശവാസികളും മൊഴി നല്‍കി.

Read more

പെരിയാറിന്റെ തീരത്ത് നിന്ന് സ്‌കൂള്‍ ബാഗ് കണ്ടെത്തിയിരുന്നു. ഇതോടെ അഗ്നിശമന സേനയുടെ സഹായത്തോടെ പെരിയാറില്‍ തിരച്ചില്‍ തുടങ്ങി. ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടപ്പുറം കെഇഎംഎച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് നന്ദന.