ഓപ്പറേഷന്‍ താമരയിലൂടെ തെലുങ്കാന സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമിച്ചെന്ന കേസില്‍ എസ്എന്‍ഡിപി വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ലുക്കൗട്ട് നോട്ടീസ്. അമൃത ആശുപത്രിയിലെ സീനിയര്‍ ഡോക്ടറായ ജഗ്ഗു സ്വാമിക്കെതിരെയും പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ടിആര്‍എസ് എം.എല്‍.എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്ന കേസില്‍ ഇരുവരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍, ഇവര്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ലുക്കൗട്ട് നോട്ടീസ്. ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷിനെതിരെയും നടപടിയുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി.
ഹൈദരാബാദിലെ പൊലീസ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിലെത്താനായിരുന്നു നിര്‍ദേശം. ഓപ്പറേഷന്‍ താമര ചര്‍ച്ചയ്‌ക്കെത്തി അറസ്റ്റിലായ മൂന്ന് ഏജന്റുമാരും സംഭാഷണങ്ങളില്‍ പലതവണ പേരാവര്‍ത്തിച്ചതാണു തുഷാറിനെയും ബി.എല്‍. സന്തോഷിനെയും ജഗു സ്വാമിയെയും വിളിപ്പിക്കാനുള്ള കാരണം. അറസ്റ്റിലായ മൂന്നുപേരെയും അഹമ്മദാബദിലിരുന്ന് തുഷാറാണു നിയന്ത്രിച്ചതെന്ന് ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവിട്ടു മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു തന്നെ ആരോപിച്ചിരുന്നു. തൊട്ടടുത്ത ദിവസം പണം വാഗ്ദാനം ചെയ്ത, ജഗു സാമിയെ തേടി പൊലീസ് ഇടപ്പള്ളിയിലെ ആശുപത്രിയില്‍ റെയ്ഡ് നടത്തി. ഇതിനു പിറകെയാണു തുഷാറിനു നോട്ടിസ് അയച്ചത്.കേസ് സിബിഐയ്ക്കു കൈമാറണെന്ന ബി.ജെ.പി. ആവശ്യം കഴിഞ്ഞ ദിവസം തെലങ്കാന ഹൈക്കോടതി തള്ളിയിരുന്നു.
തെലങ്കാന ഭരിക്കുന്ന ടി.ആര്‍.എസിനെ കുതിരക്കച്ചവടത്തിലൂടെ പുറത്താക്കി ഭരണം പിടിക്കാനുള്ള ശ്രമമാണ് തന്ത്രപരമായ നീക്കത്തിലൂടെ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു തകര്‍ത്തത്. ഭരണം അട്ടിമറിക്കാനുള്ള ബി.ജെ.പി ശ്രമങ്ങളുടെ തെളിവുകള്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു (കെ.സി.ആര്‍) പുറത്തുവിട്ടിരുന്നു. ടി.ആര്‍.എസ് എം.എല്‍.എമാരെ കാലുമാറ്റാന്‍ തുഷാര്‍ വെള്ളാപ്പളി നൂറ് കോടി രൂപ വാഗ്ദാനം ചെയ്തതുവെന്നാണ് കെ.സി.ആര്‍ ആരോപിച്ചത്. നാല് എം.എല്‍.എമാരെ വിലക്കെടുക്കാന്‍ ചുക്കാന്‍ പിടിച്ചത് തുഷാറാണെന്നാണ് പ്രധാന ആരോപണം.
Read more
ഒരു എം.എല്‍.എക്ക് നൂറുകോടി എന്നതായിരുന്നു തുഷാറിന്റെ സംഘത്തിന്റെ വാഗ്ദാനം. ഇങ്ങനെ എം.എല്‍.എമാര്‍ക്ക് പണം നല്കുന്നതിന്റ ദൃശ്യങ്ങളാണ് ചന്ദ്രശേഖര റാവു പുറത്തുവിട്ടിരുന്നത്. തുഷാര്‍ വെള്ളാപ്പള്ളി എം.എല്‍.എമാരെ സമീപിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇതില്‍ പ്രധാനം. എന്നാല്‍, ആരോപണം നിഷേധിച്ച് കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡി രംഗത്ത് വന്നിരുന്നു.