സീ പ്ലെയിൻ പദ്ധതിക്കെതിരെയുള്ള വനംവകുപ്പിന്റെ വാദങ്ങൾക്കെതിരെ എംഎം മണി എംഎൽഎ. കാട്ടാനകൾക്ക് വെള്ളം കുടിക്കാൻ സാധിക്കുന്നില്ലെങ്കിൽ വനംവകുപ്പ് വെള്ളം കോരി മൃഗങ്ങൾക്ക് നൽകട്ടെ എന്നാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മണി മറുപടി നൽകിയത്. ആന വനത്തിലാണുള്ളത്, ഡാമിൽ അല്ല. വനംവകുപ്പ് ഉദ്യോഗസ്ഥർ അവരുടെ ജോലിനോക്കുകയാണ് വേണ്ടതെന്നും എംഎം മണി പറഞ്ഞു.
ഇന്നലെയാണ് സീപ്ലെയിൻ പദ്ധതി നടത്തിപ്പിൽ വനംവകുപ്പ് ആശങ്ക അറിയിച്ചത്. മാട്ടുപ്പട്ടി ജലാശയത്തിൽ നടന്ന സംയുക്ത പരിശോധനയ്ക്കിടയിലാണ് വനംവകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥർ ആശങ്ക അറിയിച്ചത്. ആനകളുടെ സഞ്ചാരപാതയാണ് മാട്ടുപ്പട്ടി. സീ പ്ലെയിൻ സർവീസ് നടത്തുന്നത് ഇവയുൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ സ്വൈരവിഹാരത്തിന് തടസ്സമാകുമെന്നാണ് വനംവകുപ്പിന്റെ പ്രധാന വാദം.
Read more
കാട്ടാനകൾ ഉൾപ്പെടെ നിരവധി വന്യമൃഗങ്ങൾ മാട്ടുപ്പട്ടി ജലാശയത്തിൽ വെള്ളം കുടിക്കാനെത്തുന്നുണ്ട്. സീ പ്ലെയിൻ ജലാശയത്തിൽ ലാൻഡ് ചെയ്യുന്നത് വന്യജീവികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും വനംവകുപ്പ് മൂന്നാർ ഡിവിഷനിലെ ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ സീ പ്ലെയിനിന്റെ റൂട്ട് അന്തിമമായിട്ടില്ലെന്നും ചർച്ച നടത്തി ആശങ്കകൾ പരിഹരിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.