പ്രബീര്‍ പുര്‍കായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി സത്യത്തില്‍ ഡല്‍ഹി പോലീസിന് മാത്രമല്ല, രാജ്യത്തെ കുറ്റാന്വേഷണ ഏജന്‍സികള്‍ക്ക് ആകെയുള്ള അടിയാണെന്ന് തോമസ് ഐസക്ക്.
ഭരിക്കുന്നവരുടെ രാഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ഗുണ്ടാപ്പടയായി ഡല്‍ഹി പോലീസും ഇഡിയും സിബിഐയും ഒക്കെ മാറിക്കഴിഞ്ഞു. ഡഅജഅ, ജങഘഅ എന്നീ നിയമങ്ങള്‍ ആര്‍ക്കെതിരെയും ഏത് സമയത്തും പ്രയോഗിക്കാമെന്നും അതുവഴി ജനാധിപത്യത്തെയും പൗരാവകാശങ്ങളെയും തന്നിഷ്ടം പോലെ കശക്കി എറിയാമെന്നുമുള്ള കേന്ദ്ര ഏജന്‍സികളുടെ ഹുങ്കിനേറ്റ തിരിച്ചടിയാണിത്.
ന്യൂസ്‌ക്ലിക്ക് സ്ഥാപകനും എഡിറ്ററും വിജ്ഞാന സ്വാതന്ത്ര്യത്തിന്റെ മുന്‍നിര പോരാളിയുമായ പ്രബീര്‍ പുര്‍കായസ്ഥയെ അറസ്റ്റ് ചെയ്തതും തടവില്‍ പാര്‍പ്പിച്ചതും നിയമവിരുദ്ധമാണെന്ന് അര്‍ത്ഥ ശങ്കയ്ക്കിടയില്ലാത്തവിധം സുപ്രീംകോടതി പ്രഖ്യാപിച്ചു. കേസിന്റെ മെരിറ്റിലേക്ക് കോടതി കടന്നിട്ടില്ല. അറസ്റ്റിന്റെ നടപടിക്രമം തന്നെ തെറ്റാണ് എന്ന് കോടതി പറഞ്ഞു. അതായത് തങ്ങള്‍ക്കെതിരെ അഭിപ്രായം പറയുന്നവരെയൊക്കെ കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിക്കും എന്ന മാടമ്പിത്തരമാണ് സുപ്രീംകോടതി ചുരുട്ടി കൊട്ടയിലിട്ടത്.
എതാണ്ട് ഇതേ രൂപത്തിലാണ് ഇഡി എനിക്കതിരെയും നീങ്ങിയത്. എന്താണ് കുറ്റമെന്ന് പറയാതെ റോവിങ് എന്‍ക്വയറി നടത്തി തോന്നുമ്പോലെ പിടിച്ച് അകത്തിടാം എന്നതായിരുന്നു ഇഡിയുടെ പൂതി. ഒരു പൗരന്‍ എന്ന നിലയില്‍ ലഭിക്കേണ്ട നിയമപരമായ സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി തയ്യാറായതുകൊണ്ട് മാത്രമാണ് അത് ഒഴിവായത്. ഇവിടെ മാത്രമല്ല, രാജ്യത്താകെ ഇത്തരം ശ്രമങ്ങള്‍ നടക്കുന്ന വേളയിലാണ് സുപ്രീംകോടതി വിധി എന്നത് പ്രധാനമാണ്.
ഈ വിധി ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കും എന്നത് വ്യക്തമാണ്. ഇത്തരം യജമാന സേവയ്ക്കായുള്ള കേന്ദ്ര ഏജന്‍സികളുടെ എടുത്തുചാട്ടങ്ങളെ നിയന്ത്രിക്കാനും വേട്ടപ്പട്ടികളെപ്പോലെ സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിക്കുന്ന ഭരണനേതൃത്വത്തെ നിലയ്ക്ക് നിര്‍ത്താനും ഈ വിധി ഉപകരിക്കുമെങ്കില്‍ അത് നന്നാവും.
അധികാരത്തോട് ഒട്ടിനിന്ന് ഭരണകക്ഷിക്കുവേണ്ടി വാഴ്ത്തുപാട്ട് പാടുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് അവരുടെ നിലപാടില്‍ മാറ്റം വരുത്തേണ്ടിവരും. ഇന്ത്യയില്‍ ഒരു നീതിന്യായ സംവിധാനം നിലനില്‍ക്കുന്നു എന്ന ബോധ്യം അവര്‍ക്ക് ഉണ്ടാകാന്‍ ഈ വിധി ഉപകരിക്കുമെന്ന് പ്രതീക്ഷിക്കാം. അത് എന്തുതന്നെ ആയാലും രാജ്യത്തെ ബദല്‍മാധ്യമങ്ങളുടെ ശക്തിയും വിശ്വാസ്യതയും പോരാട്ടവീറും ഈ വിധി വര്‍ധിപ്പിക്കുക തന്നെ ചെയ്യും. ഇനി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെയും ഈ വിധി സ്വാധീനിക്കും. സങ്കുചിത കക്ഷിരാഷ്ട്രീയ താല്പര്യങ്ങള്‍ക്കുവേണ്ടി രാജ്യത്ത് നിലവിലുള്ള നിയമങ്ങളെയും പൗരന്റെ അറിയാനുള്ള അവകാശങ്ങളെയും ചവിട്ടിമെതിക്കുന്നതിനെതിരെ നടക്കുന്ന എല്ലാ പോരാട്ടങ്ങളും വിജയം കാണുക തന്നെ ചെയ്യും.
Read more
കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ അകാരണമായി ജയിലില്‍ അടയ്ക്കപ്പെട്ട പ്രിയസുഹൃത്ത് പ്രബീറിന്റെ അറസ്റ്റും റിമാന്റും റദ്ദാക്കിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. ഇത്തരം ഭീഷണികള്‍ കൊണ്ട് അമിതധികാര പ്രവണതയ്ക്കെതിരായ സമരങ്ങളെ നേരിട്ടുകളയാമെന്ന് കരുതുന്ന മോഡിയും കൂട്ടരും വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് അദേഹം പറഞ്ഞു.