കള്ളപ്പണം വെളുപ്പിക്കലോ?

മൂന്നാം ഭാഗം

കളളപ്പണം വെളുപ്പിക്കലിനെതിരെ അതിശക്തമായ നിയമങ്ങളുള്ള രാജ്യമാണ് ഇന്ത്യ. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (PMLA) മുതല്‍ അനിയന്ത്രിതമായ നിക്ഷേപം സ്വീകരിക്കല്‍ നിയമം (BUSD) വരെയുളളവ ഈ രംഗത്തെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ തടയാനുദ്ദേശിച്ചുകൊണ്ടുള്ളതാണ്. അല്‍ മുക്താദിര്‍ ജ്വല്ലറിയുടെ വിവിധ ഡെപ്പോസിറ്റ് സ്്കീമുകളെക്കുറിച്ച് ഉയരുന്ന ആരോപണം തന്നെ കള്ളപ്പണം വെളുപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടതാണെന്നാണ്. ജ്വല്ലറി വിവിധ ഡെപ്പോസിറ്റ് സ്‌കീമുകളെക്കുറിച്ച് ധനകാര്യ വകുപ്പിന് മുന്നിലുള്ള പരാതിയും ഇതു വ്യക്തമാക്കുന്നു.

പഴയ സ്വര്‍ണ്ണം നിക്ഷേപമായി സ്വീകരിക്കുന്ന രീതിയും കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമാണെന്ന ആരോപണമുണ്ട്. ഉദാഹരണത്തിന് കണക്കില്‍ പെടാത്ത പത്ത് ലക്ഷം രൂപ ഒരാള്‍ ജ്വല്ലറിക്ക് നല്‍കിയാല്‍ അവര്‍ അവിടെ പത്ത് ലക്ഷം രൂപയുടെ പഴയ സ്വര്‍ണ്ണം തന്നുവെന്നായിരിക്കും രേഖപ്പെടുത്തുക. എന്നാല്‍ അതിന്റെ മൂല്യം അല്ലങ്കില്‍ തൂക്കം രേഖപ്പെടുത്തുകയില്ല. ഒന്നുകില്‍ അത് നിക്ഷേപമായിട്ടെടുക്കുകയോ അല്ലങ്കില്‍ പത്ത് ലക്ഷം രൂപക്കുള്ള പുതിയ സ്വര്‍ണ്ണമായിട്ടോ തിരിച്ചു നല്‍കും.അങ്ങിനെ വരുമ്പോള്‍ നേരത്തെ നല്‍കിയ കണക്കില്‍ പെടാത്ത പത്ത് ലക്ഷം രൂപ അഥവാ കള്ളപ്പണമായ പത്ത് ലക്ഷം രൂപ വെള്ളപ്പണമായാണ് തിരിച്ചുകിട്ടുന്നത്. പാരമ്പര്യമായി വീടുകളില്‍ സൂക്ഷിക്കുന്ന സ്വര്‍ണ്ണത്തിന്റെ സോഴ്‌സ് വെളിപ്പെടുത്തേണ്ടതില്ല. കാരണം ഇരുപതോ ഇരുപത്തഞ്ചോ വര്‍ഷം മുമ്പ് വാങ്ങിച്ച സ്വര്‍ണ്ണം വീട്ടിലുണ്ടാകുമെങ്കിലും അത് എവിടെ നിന്നും വാങ്ങിച്ചു, അതിന്റെ ബില്ല്, പണത്തിന്റെ സോഴ്‌സ് ഇവയൊന്നും ആര്‍ക്കും വ്യക്തമാക്കാന്‍ കഴിയില്ല. ഇത്തരത്തില്‍ നിരവധി ഇടപാടുകള്‍ അല്‍ മുക്താദിര്‍ ജ്വല്ലറിയുടെ വിവിധ ബ്രാഞ്ചുകളില്‍ നടക്കുന്നുവെന്ന ആരോപണം ശക്തമായുണ്ട്.

വിവിധ പേരുകളിലാണ് ഒരോയിടത്തും അല്‍ മുക്താദിര്‍ ഗ്രൂപ്പ് ജ്വല്ലറികള്‍ നടത്തുന്നത്. അല്‍ മുക്താദിര്‍ എന്ന പേരില്‍ ശരിക്കും ഉള്ള ജ്വല്ലറി തിരുവനന്തപുരം പഴവങ്ങാടിയിലാണെന്നത് അന്വേഷണത്തില്‍ നിന്നും മനസിലാകുന്നു. മറ്റിടങ്ങളിലെല്ലാം വ്യത്യസ്ത പേരുകളിലാണ് ജ്വല്ലറികള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പരസ്യം ചെയ്യുന്നത് അല്‍ മുക്താദിര്‍ ഗ്രൂപ്പ് എന്ന പേരിലുമാണ്. കൊച്ചിയില്‍ ഈ ജ്വല്ലറി പ്രവര്‍ത്തിക്കുന്നത് അല്‍ കബീര്‍, , അല്‍ ലത്തീഫ്, അല്‍ കരീം എന്നീ പേരുകളിലാണ്. ഈ സ്ഥാപനം ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയല്ലന്നും, വിവിധവ്യക്തികളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ( അതില്‍ പലതും ബിനാമി പേരുകളിലാണെന്ന ആരോപണവും ഉണ്ട്) പ്രൊപ്രൈറ്ററി ഷിപ്പ് ഷോറൂമകളാണെന്നും അന്വേഷണത്തില്‍ വ്യക്തമാകുന്നു. നികുതിവെട്ടിപ്പിന് വേണ്ടിയാണ് ഇത്തരത്തില്‍ വിവിധ പേരുകളില്‍ ജ്വല്ലറികള്‍ തുടങ്ങിയിരിക്കുന്നതെന്നും ആരോപണമുണ്ട് മതപരമായി ഉപഭോക്താക്കളെ ചൂഷണം ചെയ്യാന്‍വേണ്ടിയാണ് ദൈവത്തിന്റെ വിവിധ പേരുകള്‍ ഉപയോഗിച്ച്് ഇത്തരത്തില്‍ ജ്വല്ലറികള്‍ തുടങ്ങിയിരിക്കുന്നതെന്നുമുള്ള ആരോപണവും ശക്തിയായുണ്ട്.

രണ്ട് ലക്ഷത്തില്‍ കൂടുതല്‍ രൂപ പണമായി അല്ലങ്കില്‍ ഒരു വ്യക്തിയുടെ കയ്യില്‍ നിന്നും വാങ്ങാന്‍ കഴിയില്ലന്നിരിക്കെ അല്‍ മുക്താദിര്‍ ജ്വല്ലറി അതിന്റെ ഇരട്ടിയലധികം തുകകള്‍ പണമായി വാങ്ങിയതിന്റെ നിരവധി ബില്ലുകള്‍ സൗത്ത് ലൈവിന് ലഭിച്ചു. ഇത്തരത്തില്‍ നൂറുക്കണക്കിന് ബില്ലുകളുണ്ടെന്നാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്. ആ ബില്ലിലെ mode of transaction എന്ന കോളത്തില്‍ പണമായി വാങ്ങി എന്ന് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അപ്പോള്‍ ഇത്തരത്തില്‍ നിയമവിരുദ്ധമായി വളരെ അധികം പണം കൈമാറ്റങ്ങള്‍ ഉണ്ടെന്ന് വ്യക്തമാകുന്നു. ഇവയെല്ലാം അനധികൃത പണമിടപാടിന്റെ പരിധിയില്‍ വരുന്നതാണിത്. അത് കൊണ്ട് തന്നെയാണ് ജ്വല്ലറിയുടെ മറവില്‍ വ്യപകമായി കളളപ്പണം വെളുപ്പിക്കുന്നതായി സംശയമുണ്ടെന്ന് ധനകാര്യ വകുപ്പിന് ലഭിച്ചിട്ടുള്ള പരാതിയില്‍ പറയുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന പണം വിനിമയങ്ങളാണ് ഇതൊക്കെ.

കള്ളപ്പണം വെളുപ്പിക്കല്‍ നിയമം പറയുന്നത് ഇങ്ങനെയാണ്

‘ഒരു അനധികൃത ഫണ്ട് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് നേടിയെടുക്കുകയും നിയമപരമായ പണമായി വേഷംമാറി, ഒടുവില്‍ വെള്ളപ്പണമായി ചിത്രീകരിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് കള്ളപ്പണം വെളുപ്പിക്കല്‍ എന്ന് നിര്‍വചിക്കുന്നത്’

അപ്പോള്‍ പഴയ സ്വര്‍ണ്ണം സ്വീകരിച്ച ശേഷം അതിന്റെ തൂക്കം കാണിക്കാതെ വില മാത്രം രേഖപ്പെടുത്തുക, അനുവദനീയമായതിലും കൂടുതല്‍ പണം ക്യാഷായി വാങ്ങുക ഇതെല്ലാം മുകളില്‍ പറഞ്ഞ പോലെ നിയവിരുദ്ധമായി പണം ശേഖരിച്ച് നിയമപരമായ വേഷം മാറ്റുന്ന പരിപാടി തന്നെയാണെന്ന് വ്യക്തമാകുന്നു.

വ്യക്തികളില്‍ നിന്നും പണമായും സ്വര്‍ണ്ണമായും അല്‍ മുക്താദിര്‍ ഗ്രൂപ്പ് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നുവെന്ന് സര്‍ക്കാരിന് മുമ്പിലുള്ള പരാതിയില്‍ പറയുന്നുവെന്ന് നേരത്തെ വ്യക്തമാക്കിയല്ലോ. ഇങ്ങനെ നിക്ഷേപങ്ങള്‍ സ്വീകരിക്കുമ്പോള്‍ ഏത് നിയമം അനുസരിച്ചാണ് തങ്ങള്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കണം. എന്നാല്‍ ഇത്തരത്തിലൊരു വ്യക്തതയും വരുത്താതെയാണ് ജ്വല്ലറി നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത്.

നാളെ

പരാതികള്‍ നിരവധി, കേസ് ഹൈക്കോടതിയില്‍