മുന്‍ കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്‌ക്കെതിരെ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി കെഎസ്‌യു. കാര്‍ട്ടണ്‍ ഇന്ത്യ അലൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കോടികളുടെ കരാറുകള്‍ ലഭിച്ചതും കമ്പനി ഡയറക്ടറായ മുഹമ്മദ് ആസിഫും പിപി ദിവ്യയുടെ ഭര്‍ത്താവ് വിപി അജിത്തും കണ്ണൂരിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ പാലക്കയം തട്ടില്‍ നാലേക്കറോളം ഭൂമി വാങ്ങിയതും അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ് ആണ് അഴിമതി ആരോപണം ഉന്നയിച്ച് പരാതി നല്‍കിയിരിക്കുന്നത്. സ്‌കൂളുകളില്‍ കുടുംബശ്രീ കിയോസ്‌ക് നിര്‍മ്മിച്ചതിലുള്‍പ്പടെയുള്ള പദ്ധതികളില്‍ വ്യാപക അഴിമതി നടന്നുവെന്നും മുഹമ്മദ് ഷമ്മാസ് ആരോപിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം ഭൂമി വാങ്ങിയതിന് പിന്നിലും കെഎസ്‌യു അഴിമതി ആരോപിക്കുന്നു.
Read more
വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്തയെ നേരിട്ട് കണ്ടാണ് പരാതി മുഹമ്മദ് ഷമ്മാസ് നല്‍കിയത്. തനിക്കെതിരെ നിയമനടപടി എടുക്കുമെന്ന് പറഞ്ഞ ദിവ്യ ഒരു മാസം പിന്നിട്ടിട്ടും മിണ്ടുന്നില്ലെന്നും പിപി ദിവ്യയുടെ മടിയില്‍ കനം ഉള്ളതുകൊണ്ട് ഉള്ളില്‍ ഭയമുണ്ടെന്നും മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.