മുനമ്പം വിഷയം, ലീഗ് യോഗത്തില്‍ പോര്; കെഎം ഷാജിയും കുഞ്ഞാലിക്കുട്ടിയും നേര്‍ക്കുനേര്‍

മുനമ്പം വിഷയത്തില്‍ ലീഗ് സംസ്ഥാന ഭാരവാഹി യോഗത്തില്‍ നേതാക്കള്‍ക്കിടയില്‍ ഭിന്നത. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന ലീഗ് നേതാവ് കെഎം ഷാജിയുടെ പ്രസ്താവനയാണ് അഭിപ്രായ ഭിന്നതയ്ക്ക് കാരണമായത്. യോഗത്തില്‍ കെഎം ഷാജിയെ എതിര്‍ത്ത് പികെ കുഞ്ഞാലിക്കുട്ടി രംഗത്തുവന്നു.

തുടര്‍ന്ന് ഇരുനേതാക്കളും യോഗത്തില്‍ വാദപ്രതിവാദത്തിലേര്‍പ്പെട്ടു. പികെ കുഞ്ഞാലിക്കുട്ടിയെ അനുകൂലിച്ച് എന്‍ ഷംസുദ്ദീന്‍, അബ്ദുറഹ്‌മാന്‍ രണ്ടത്താണ്, പാറക്കല്‍ അബ്ദുള്ള, അഡ്വ മുഹമ്മദ് ഷാ എന്നിവര്‍ രംഗത്തെത്തി. അതേസമയം ഇടി മുഹമ്മദ് ബഷീര്‍, പിവി അബ്ദുള്‍ വഹാബ് എന്നിവര്‍ കെഎം ഷാജിയെ പിന്തുണച്ചു.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന പ്രസ്താവന പ്രതികൂല സാഹചര്യം സൃഷ്ടിക്കുമെന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയുടെ വാദം. ഇതിനെ പിന്തുണച്ചാണ് എന്‍ ഷംസുദ്ദീന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയത്. എന്നാല്‍ വഖഫ് ഭൂമിയാണെന്ന നിലപാടില്‍ സമവായത്തിലേക്ക് പോകണമെന്നായിരുന്നു ഷാജിയുടെ നിലപാട്.

വഖഫ് ഭൂമിയാണോ അല്ലയോ എന്നത് നിയമപരമായി തീരുമാനിക്കട്ടെ എന്ന ധാരണയിലാണ് ചര്‍ച്ച അവസാനിച്ചത്. മുനമ്പം വിഷയം പരിഹരിക്കാന്‍ സാദിഖലി തങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഷാജി പിന്തുണ അറിയിച്ചു. തന്റെ പരാമര്‍ശം തങ്ങളുടെ ശ്രമങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ പ്രതികൂലമായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഷാജി പറഞ്ഞു.

അതേസമയം പികെ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ യോഗത്തില്‍ കെഎം ഷാജി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. പേഴ്‌സണല്‍ സ്റ്റാഫിനെ ഉപയോഗിച്ച് കുഞ്ഞാലിക്കുട്ടി പാര്‍ട്ടി വാര്‍ത്തകള്‍ കൊടുക്കുന്നുവെന്നായിരുന്നു ഷാജിയുടെ ആരോപണം. ഇതുസംബന്ധിച്ച് ഷാജിയും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ വാക്കേറ്റമുണ്ടായി. പാര്‍ട്ടി യോഗങ്ങള്‍ വിളിക്കാത്തതുകൊണ്ടാണ് തനിക്ക് പൊതുവേദിയില്‍ മുനമ്പം വിഷയത്തില്‍ പൊതുവേദിയില്‍ പറയേണ്ടിവന്നതെന്നും ഷാജി വ്യക്തമാക്കി.