'മുനമ്പം വഖഫ് ഭൂമിയല്ല'; നിലപാട് മാറ്റി സിദ്ധീഖ് സേഠിന്റെ മകളുടെ കുടുംബം, ട്രിബ്യൂണലിനെ അറിയിച്ചു

മുനമ്പം വഖഫ് കേസില്‍ നിലപാട് മാറ്റി സിദ്ധീഖ് സേഠിന്റെ മകളുടെ കുടുംബം. ഭൂമി വഖഫല്ലെന്ന് സീദ്ധീഖ് സേഠിന്റെ മകളുടെ കുടുംബത്തിന്റെ അഭിഭാഷകൻ വഖഫ് ട്രിബ്യൂണലിനെ അറിയിച്ചു. ഇന്നലെയാണ് ട്രിബ്യൂണലില്‍ ഇക്കാര്യം അറിയിച്ചത്. 2008ലും 2019ലും ഇത് വഖഫ് ഭൂമിയാണെന്നാണ് സുബൈദ വഖഫ് ബോര്‍ഡിനെ അറിയിച്ചിരുന്നത്.

മുനമ്പത്തെ ഭൂമി വഖഫാണെന്നും തിരിച്ചെടുക്കണമെന്നും വഖഫ് ബോര്‍ഡില്‍ ഹര്‍ജി നല്‍കിയ സുബൈദയുടെ മക്കളാണ് നിലപാട് മാറ്റിയത്. കേസില്‍ കക്ഷിചേര്‍ന്ന സിദ്ധിഖ് സേഠിന്റെ മറ്റു ബന്ധുക്കള്‍ ഭൂമി വഖഫാണെന്ന നിലപാടാണ് എടുത്തത്. തങ്ങള്‍ നല്‍കിയ സമയത്തെ വ്യവസ്ഥകളെല്ലാം ലംഘിച്ചുകൊണ്ട് ഫറോഖ് കോളജ് ഭൂമി വില്‍പ്പന നടത്തിയെന്നും അതുകൊണ്ടുതന്നെ ഭൂമി തിരിച്ചെടുക്കണം എന്നുമായിരുന്നു വഖഫ് ബോര്‍ഡിനെ അറിയിച്ചിരുന്നത്.

അതേസമയം കഴിഞ്ഞ ദിവസം കോഴിക്കോട് ട്രൈബ്യൂണലില്‍ പ്രാഥമിക വാദം ആരംഭിച്ചിരുന്നു. വഖഫ് ബോര്‍ഡ്, ഫറൂഖ് കോളേജ്, മുനമ്പം നിവാസികള്‍ എന്നിവര്‍ക്കൊപ്പം സുബൈദയുടെ മക്കളില്‍ രണ്ടുപേരും കക്ഷി ചേര്‍ന്നിരുന്നു. ഫറൂഖ് കോളജ് അധികൃതരുടെയും മുനമ്പം നിവാസികളുടേയും അതേ നിലപാടാണ് ഇതുവരെ വഖഫ് ഭൂമിയാണെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.