BGT 2024-25: 'കോഹ്‌ലിയുടെ പ്രശ്നം ഷോട്ട് സെലക്ഷനല്ല, അത് മറ്റൊന്ന്'; നിരീക്ഷണവുമായി ഗവാസ്കര്‍

സിഡ്നിയില്‍ നടക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ അഞ്ചാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിലും വിരാട് കോഹ്ലി നിരാശപ്പെടുത്തി. കോഹ്‌ലി ക്ഷമയോടെ തുടങ്ങിയെങ്കിലും ഒരു ഘട്ടത്തിന് ശേഷം, അയാള്‍ക്ക് ക്ഷമ നഷ്ടപ്പെട്ടതായി തോന്നി. ഈ അവസരം മുതലെടുത്ത ബോളണ്ട് ഓഫ് സൈഡ് കെണിയില്‍ കോഹ്‌ലിയെ കുരുക്കി.

പരമ്പരയില്‍ ഒരിക്കല്‍കൂടി ഓഫ്സൈഡ് കെണിയില്‍ പുറത്തായതോടെ കോഹ്‌ലിക്കെതിരെ വിമര്‍ശനം ശക്തമാണ്. മത്സരത്തില്‍ 69 പന്തില്‍ 17 റണ്‍സാണ് താരം നേടിയത്. ഇപ്പോഴിതാ കോഹ്‌ലിയുടെ പ്രശ്നം ഷോട്ട് തിരഞ്ഞെടുപ്പിലല്ലെന്നും അത് ഫുട്‌വര്‍ക്കിലെ സാങ്കേതിക പിഴവാണെന്നും അഭിപ്രായപ്പെടുകയാണ് ഇന്ത്യന്‍ മുന്‍ താരം സുനില്‍ ഗവാസ്‌ക്കര്‍.

കോഹ്‌ലി തീര്‍ച്ചയായും വളരെ നിരാശനായിരിക്കും. കോഹ്‌ലിയുടെ ഇപ്പോഴത്തെ ദൗര്‍ബല്യം ഒരു കാരണത്താലാണ്. കൂടുതലും ഫ്രണ്ട് ഫൂട്ടില്‍ കളിക്കാനാണ് കോഹ്‌ലി ശ്രമിക്കുന്നത്. എന്നാല്‍ ബാക്ക് ഫൂട്ട് കൂടുതല്‍ ഉപയോഗിച്ച് കളിക്കേണ്ടതായുണ്ട്. ബാക്ക് ഫൂട്ടില്‍ കളിച്ചാല്‍ പന്ത് ലീവ് ചെയ്യാന്‍ അല്‍പ്പം കൂടി സമയം ലഭിക്കും.

ബാക്ക് ഫൂട്ടില്‍ കളിക്കുമ്പോള്‍ മാത്രമേ ഇത് എളുപ്പത്തില്‍ സാധ്യമാകൂ. ഫ്രണ്ട് ഫൂട്ടില്‍ കളിക്കുമ്പോള്‍ ഇത്തരത്തില്‍ നിയന്ത്രിക്കാന്‍ സാധിക്കില്ല. ഓസീസിലെ പിച്ചില്‍ അല്‍പ്പം കൂടി ബൗണ്‍സുണ്ടാവുന്നത് സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ കൂടുതലും ബാക്ക് ഫൂട്ടില്‍ കളിക്കാന്‍ ശ്രമിക്കുക.

ഫ്രണ്ട് ഫൂട്ടില്‍ കളിക്കുമ്പോള്‍ പലപ്പോഴും ക്രീസിന് പുറത്താണ് കോഹ്‌ലിയുള്ളത്. അതുകൊണ്ടുതന്നെ ബൗണ്‍സുള്ള പന്തുകള്‍ പ്രതിരോധിക്കുമ്പോഴോ ഷോട്ട് കളിക്കുമ്പോഴോ എഡ്ജാവാനാണ് സാധ്യത കൂടുതല്‍- ഗവാസ്‌കര്‍ പറഞ്ഞു.