ടിടിഇ വിനോദിന്റെ കൊലപാതകം: തള്ളിയിട്ടത് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ, വൈരാഗ്യമുണ്ടായത് പിഴ ചുമത്തിയതിന്; പ്രതി രജനീകാന്തയെ സാക്ഷി തിരിച്ചറിഞ്ഞു

തൃശൂരിൽ ടിക്കറ്റ് ചോദിച്ചതിന് ടിടിഇ വിനോദിനെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത് പിഴ ചുമത്തിയതിലുള്ള വൈരാഗ്യമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കേസിലെ മുഖ്യസാക്ഷി പ്രതി രജനീകാന്തയെ സാക്ഷി തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലണമെന്ന ഉദ്ദേശത്തോടുകൂടി പ്രതി രജനികാന്ത, വിനോദിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ടെന്നും തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണ കാരണമെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുളളത്.

കേസിൽ പ്രതിയായ ഒഡീഷ സ്വദേശിയായ രജനികാന്തനെ തൃശ്ശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിയെ തൃശ്ശൂർ വിയ്യൂർ ജയിലിലേക്ക് മാറ്റി. കസ്റ്റഡി അപേക്ഷ ഉടനെ നല്‍കേണ്ടതില്ലെന്നാണ് പൊലീസിന്റെ തീരുമാനം. സംഭവം നടന്ന ട്രെയിനില്‍ ഉള്‍പ്പെടെയെത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. ട്രെയിന്‍ സര്‍വീസ് കഴിഞ്ഞ് മടങ്ങിയെത്തുന്നതനുസരിച്ച് കസ്റ്റഡി അപേക്ഷ നല്‍കുക.

എറണാകുളത്ത് നിന്നാണ് പ്രതി രജനീകാന്ത് ട്രെയിനില്‍ കയറുന്നത്. തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്റ്റേഷന്‍ എത്തുന്നതിന് മുന്‍പാണ് ടിക്കറ്റിനെ സംബന്ധിച്ച് തര്‍ക്കം ഉണ്ടാകുന്നത്. പിഴ അടപ്പിച്ച ശേഷം വിനോദ് വാതിലിന് അഭിമുഖമായി നില്‍ക്കുകയായിരുന്നു. പിന്നാലെ ഇരുകൈകളും ഉപയോഗിച്ച് വിനോദിനെ പുറത്തേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്. പ്രതി സംഭവം നടക്കുമ്പോള്‍ മദ്യലഹരിയില്‍ ആയിരുന്നെന്നാണ് പൊലീസ് പറയുന്നത്.