കണ്ണൂരില്‍ ഉത്സവപ്പറമ്പിലേക്ക് മുസ്ലിം മത വിശ്വാസികള്‍ക്ക് പ്രവേശനമില്ലെന്ന് ചൂണ്ടിക്കാട്ടി ബോര്‍ഡ് സ്ഥാപിച്ച സംഭവത്തില്‍ ക്ഷേത്ര കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനം. പയ്യന്നൂര്‍ മല്ലിയോട്ട് പാലോട്ട് കാവിലാണ് വിഷുകൊടിയേറ്റുമായി ബന്ധപ്പെട്ട ചടങ്ങുകളിലേക്ക് മുസ്ലീംങ്ങള്‍ക്ക് പ്രവേശനമില്ലെന്ന് അറിയിച്ച് ബോര്‍ഡ് സ്ഥാപിച്ചത്. ക്ഷേത്ര ഭാരവാഹികളുടെ നടപടി കാലത്തിന് ഭൂഷണമല്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പ്രതികരിച്ചു.
ആരാധനാലയങ്ങള്‍ പവിത്രമാണ്. ഇത്തരമൊരു ബോര്‍ഡ് നേരത്തെ ഉണ്ടായിരുന്നുവെങ്കിലും ആരും ശ്രദ്ധിച്ചിരുന്നില്ല. ഇപ്പോള്‍ അത് പുതുക്കി സ്ഥാപിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ മത ചിഹ്നങ്ങള്‍ ഉപയോഗിച്ച് ആളുകളെ വേര്‍തിരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്ന ഈ കാലത്ത് ഇത്തരമൊരു നടപടി ഭൂഷണമല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
Read more
ക്ഷേത്രക്കമ്മിറ്റിയുടെ വിവേചനപരമായ തീരുമാനത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്. ഏപ്രില്‍ 14 മുതല്‍ 19 വരെയുള്ള സമയത്താണ് മുസ്സീങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. പിന്നീട് പ്രതിഷേധങ്ങളെ തുടര്‍ന്ന് അവ നീക്കം ചെയ്യുകയായിരുന്നു. വര്‍ഷങ്ങളായി ഇതുപോലെ ബോര്‍ഡ് വെയ്ക്കാറുണ്ടെന്നും കൂടുതല്‍ പ്രതികരണത്തിന് ഇല്ലെന്നും കമ്മിറ്റി അറിയിച്ചു.