ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചാഹൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎല്ലിൽ) മുംബൈ ഇന്ത്യൻസിനൊപ്പമുണ്ടായിരുന്നപ്പോൾ ഉണ്ടായ അനുഭവം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ്. 2011 ൽ സ്വന്തം സഹതാരങ്ങൾ തന്നെ ഉപദ്രവിച്ച സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുന്നുകയാണ്.
മുമ്പ് ആർസിബി പോഡ്‌കാസ്റ്റിൽ സംസാരിക്കുമ്പോൾ, മുംബൈ ഇന്ത്യൻസ് സഹതാരങ്ങളായ ആൻഡ്രൂ സൈമണ്ട്സും ജെയിംസ് ഫ്രാങ്ക്ലിനും ഒരിക്കൽ തന്നെ കെട്ടിയിട്ട് വായിൽ ടേപ്പ് ഒട്ടിച്ച് രാത്രി മുഴുവൻ മുറിയിൽ കിടത്തിയെന്ന് യുസ്‌വേന്ദ്ര ചാഹൽ പറഞ്ഞിരുന്നു.
“2011-ൽ ചെന്നൈയിലെ ഒരു ഹോട്ടലിൽ ചാമ്പ്യൻസ് ലീഗ് ഞങ്ങൾ നേടിയതിന് ശേഷമായിരുന്നു ഇത്. അവൻ [ആൻഡ്രൂ സൈമണ്ട്സ്] ധാരാളം ‘മദ്യം’ കുടിച്ചിരുന്നു. ഞാൻ മാത്രമാണ് അപ്പോൾ അവിടെ ഉണ്ടായിരുന്നത്. ജെയിംസ് ഫ്രാങ്ക്ലിനും സൈമണ്ട്സും എന്റെ കൈകളും കാലുകളും കെട്ടി, ‘എന്റെ കെട്ടഴിക്കുക ‘ എന്ന് ഞാൻ പറഞ്ഞു. അവർ ആകട്ടെ വളരെ രസകരമായ ഒരു മാനസികാവസ്ഥയിലായിരുന്നു, എന്റെ വായിൽ ടേപ്പ് ഒട്ടിച്ചു, അവിടെ എന്നെ വിട്ടിട്ട് അവർ പോയി. പിറ്റേന്ന് രാവിലെ മുറി വൃത്തിയാക്കാൻ വന്ന ആളാണ് എന്നെ രക്ഷപെടുത്തിയത്.”
സൈമണ്ട്സും ഫ്രാങ്ക്ലിനും തന്നോട് ക്ഷമ ചോദിച്ചോ എന്ന് പറഞ്ഞപ്പോൾ അവർക്ക് ഇങ്ങനെയൊക്കെ സംഭവിച്ചോ എന്ന് പോലും ഓർമ്മ ഇല്ലാത്ത രീതിയിലാണ് പെരുമാറിയതെന്നാണ് ചാഹൽ പറഞ്ഞത്. അതേസമയം മെഗാ ലേലത്തിൽ 18 കോടി രൂപയ്ക്ക് ഫ്രാഞ്ചൈസി പഞ്ചാബ് കിംഗ്‌സിന് വേണ്ടി യുസ്‌വേന്ദ്ര ചാഹൽ കളിക്കും. 205 വിക്കറ്റുകളുമായി ലീഗിലെ ഏറ്റവും കൂടുതൽ വിക്കറ്റ് വേട്ടക്കാരനാണ് അദ്ദേഹം.