മുസ്ലീങ്ങള്‍ പാകിസ്ഥാനിലേയ്ക്ക് പോകണം; വിദ്വേഷ പരാമര്‍ശത്തില്‍ പിസി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം

മതസ്പര്‍ദ്ധയ്ക്ക് കാരണമാകുന്ന തരത്തില്‍ വിദ്വേഷ പരാമര്‍ശം നടത്തിയ സംഭവത്തില്‍ പിസി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം.കോട്ടയം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഈരാറ്റുപേട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. മതസ്പര്‍ദ്ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരുന്നത്.

ജനുവരി ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ ആയിരുന്നു പിസിയുടെ വിദ്വേഷ പരാമര്‍ശം. ചാനല്‍ ചര്‍ച്ചയില്‍ ജോര്‍ജ് മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്. മുസ്ലീങ്ങള്‍ പാകിസ്ഥാനിലേയ്ക്ക് പോകണം എന്നിങ്ങനെയായിരുന്നു പി സി ജോര്‍ജിന്റെ വിവാദ പരാമര്‍ശം.

ഈരാറ്റുപേട്ടയില്‍ മുസ്ലീം വര്‍ഗീയതയുണ്ടാക്കിയാണ് തന്നെ തോല്‍പ്പിച്ചതെന്നും പിസി ആരോപിച്ചിരുന്നു. പിസി ജോര്‍ജിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.