മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയ കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി കയ്യേറി മുത്തൂറ്റ് ഗ്രൂപ്പിന്റെ റിസോര്‍ട്ട് നിര്‍മ്മാണം; സബ്കളക്ടറുടെ റിപ്പോര്‍ട്ട് തഹസില്‍ദാര്‍ പൂഴ്ത്തി

ആലപ്പുഴ മാരാരിക്കുളത്ത് കോടികള്‍ വില മതിക്കുന്ന സര്‍ക്കാര്‍ ഭൂമി കയ്യേറി മുത്തൂറ്റ് ഗ്രൂപ്പിന്റെ റിസോര്‍ട്ട്. സാന്തേരി പേള്‍ എന്ന പേരിലുള്ള റിസോര്‍ട്ട് നിര്‍മ്മാണത്തിന് ഒന്നരയേക്കര്‍ കടല്‍ പുറമ്പോക്ക് ഭൂമിയാണ് മുത്തൂറ്റ് ഗ്രൂപ്പ് കയ്യേറിയത്. റിസോര്‍ട്ട് നിര്‍മ്മാണത്തിനായി ഏക്കറു കണക്കിന് ഭൂമി വാങ്ങുന്നതിനിടെ മത്സ്യത്തൊഴിലാളികളെ പാര്‍പ്പിക്കാന്‍ മാത്രമായി നല്‍കിയ രേഖകളില്ലാത്ത പുറമ്പോക്ക് ഭൂമിയാണ് മുത്തൂറ്റ് ഗ്രൂപ്പ് കയ്യേറിയത്.

മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയ ഭൂമി ഇവര്‍ ചുളുവിലയ്ക്ക് വാങ്ങിക്കൂട്ടുകയായിരുന്നു. റേഷന്‍കാര്‍ഡിനും വൈദ്യുതി കണക്ഷനും മാത്രം കൈവശ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഭൂമിയാണ് റിസോര്‍ട്ട് അധികൃതര്‍ വാങ്ങിക്കൂട്ടി അനധികൃതമായി കൈവശം വെച്ചത്. ഇത് ശ്രദ്ധയില്‍ പെട്ടതോടെ മാരാരിക്കുളം വടക്ക് വില്ലേജ് ഓഫീസര്‍ അന്വേഷണം നടത്തുകയും ഭൂമി കയ്യേറിയതായി കണ്ടെത്തുകയായിരുന്നുവെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ചേര്‍ത്തല എല്‍ആര്‍ തഹസില്‍ദാര്‍ അന്വേഷണം നടത്തി ഭൂമി തിരിച്ചു പിടിക്കാന്‍ ഉത്തരവിട്ടു. ഇതിനെതിരെ മുത്തൂറ്റ് ഗ്രൂപ്പ് ആലപ്പുഴ സബ്കളക്ടറെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളി ഭൂമി തിരിച്ചുപിടിക്കാന്‍ തീരുമാനമെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ചേര്‍ത്തല എല്‍ആര്‍ തഹസില്‍ദാര്‍ ടിയു ജോണിന് കൈമാറി. എന്നാല്‍, ഭൂമി തിരിച്ച് പിടിക്കാതെ ഒരു മാസത്തേക്ക് ഇയാള്‍ ഫയല്‍ പൂഴ്ത്തി. ഇതിന് പുറമെ വീണ്ടും ഹിയറിംഗ് നടത്തുകയും ചെയ്തു.

അതേസമയം, മത്സ്യത്തൊഴിലാളികളില്‍ നിന്ന് പണം കൊടുത്ത് വാങ്ങിയ ഭൂമിയാണ് ഇതെന്നും കോടതി എന്ത് തീരുമാനിക്കുന്നുവോ അത് അംഗീകരിക്കുമെന്നും മുത്തൂറ്റ് ഗ്രൂപ്പ് വ്യക്തമാക്കി.