കെ.സഹദേവന്‍
“I was little jolted upon reading Nehru’s words, written in stone at the entrance to the Jawaharlal Nehru Institute of Advanced Research in Bangalore: “I too have worshipped at the shrine of science”. The notion of worship and shrine of science do not go well with the modern science and the scientific temper. Science is about challenging, not worshipping. As a secular man, Nehru was not given to worship but his metaphorical allusions to industries and factories as temple of science found full of resonance. Indeed, science in India is largely seen as an instrument that enhances productive capabilities and not as transformational tool for producing an informed, just and rational society. Most Indian scientists are techno-nationalists they put their science at the service of their state rather than the people. In this respect, Pakistan is no different.”
പ്രമുഖ ഭൗതിക ശാസ്ത്രജ്ഞനായ പര്‍വേഷ് ഹുഡ്‌ബോയ് ബാംഗ്ലൂരിലെ ജവഹര്‍ലാല്‍ നെഹ്രു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച് എന്ന സ്ഥാപനം സന്ദര്‍ശിച്ചതിന് ശേഷം 2005ല്‍ എഴുതിയ ലേഖനത്തിലെ (India through Pakistani eyes: observations on science and society in India) വരികളാണ് മുകളില്‍ ഉദ്ധരിച്ചത്. ശാസ്ത്രാഭിമുഖ്യവും മതനിരപേക്ഷതയും വ്യക്തി സവിശേഷതയായി നിലനിര്‍ത്തിയിരുന്ന നെഹ്രു മേല്‍ ഉദ്ധരിച്ച വാക്കുകള്‍ ആലങ്കാരികമായി പ്രയോഗിച്ചതാണെങ്കില്‍ കൂടിയും ശാസ്ത്രത്തോടുള്ള ശാസ്ത്രജ്ഞര്‍ അടക്കമുള്ളവരുടെ പൊതുബോധത്തെ വെളിപ്പെടുത്തുന്നതാണ് ഇത്. ശാസ്ത്രീയ അറിവുകളെ സാങ്കേതിക വികാസത്തിനും ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഉള്ള ഉപകരണമെന്ന നിലയില്‍ മാത്രം പരിഗണിക്കുന്ന, ജ്ഞാനം, നീതി, യുക്തിചിന്ത എന്നിവയിലധിഷ്ഠിതമായ ഒരു സമൂഹ നിര്‍മ്മിതിക്കുള്ള ഉപകരണമായി കാണാത്ത ഒരു അവസ്ഥയെക്കുറിച്ചാണ് ഡോ.പര്‍വേഷ് ഹുഡ്‌ബോയ് പരിതപിക്കുന്നത്. ഇക്കാര്യത്തില്‍ തന്റെ സ്വന്തം രാജ്യമായ പാകിസ്ഥാന്‍ ഒട്ടും ഭിന്നമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്.
ഇന്ത്യന്‍ ശാസ്ത്ര ഗവേഷണ മേഖലയിലേക്ക് ഹിന്ദുത്വ ശക്തികള്‍ക്ക് എളുപ്പത്തില്‍ നുഴഞ്ഞുകയറാന്‍ സാധിച്ചതെങ്ങിനെയെന്ന് മനസ്സിലാക്കണമെങ്കില്‍ നമ്മുടെ ശാസ്ത്രബോധത്തില്‍ ആഴത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന യാഥാസ്ഥിതികതയെ തിരിച്ചറിയേണ്ടത് പ്രധാനമാണ്. ശാസ്ത്രത്തെ സാങ്കേതിക വികാസത്തിനുള്ള ഉപാധിയായി മാത്രം പരിഗണിക്കുന്നതുകൊണ്ടുതന്നെയാണ് ബഹിരാകാശ പേടകം വിക്ഷേപിക്കുന്നതിനുള്ള തീയ്യതി കുറിക്കാന്‍ ജ്യോതിഷികളുടെ അടുത്തേക്ക് ഓടാന്‍ ശാസ്ത്രജ്ഞരെ സന്നദ്ധരാക്കുന്നതും.
ആധുനികതയ്ക്ക് എതിരായി ഹിന്ദുത്വ രാഷ്ട്രീയ വക്താക്കള്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ടെങ്കിലും അത് ഘടനാപരമായ മുഖം നേടിയെടുക്കുന്നത് 90-കളിലാണ്. ആധുനിക ശാസ്ത്രത്തിന്റേതായ എല്ലാ കണ്ടെത്തലുകളും ഹിന്ദു വേദ ഗ്രന്ഥങ്ങളില്‍ വായിച്ചെടുക്കാമെന്ന ധാരണ വളര്‍ത്തിയെടുക്കാന്‍ അവര്‍ നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. താഴെപ്പറയുന്ന ഉദ്ധരണികള്‍ ശ്രദ്ധിക്കുക:
“The conclusion of modern Science are the very conclusions of the vedanta reached ages ago, only in modern science they are written in the language of matter” – Swami Vivekananda
“Many of the questions arising in quantum physics today had been anticipated by Swami Vivekananda” – NS. Rajaram
“The Rigveda is a book of particle physics and cosmology” -Rajaram Mohan Roy
ഹിന്ദുത്വ ആശയപ്രചാരണത്തിനും ആധുനികതാവാദത്തിനെതിരെയുള്ള വിമര്‍ശങ്ങള്‍ക്കുമായി എഴുതപ്പെടുന്ന സാഹിത്യങ്ങളില്‍ പലപ്പോഴായി ഉദ്ധരിക്കപ്പെടുന്ന വരികളാണിവ. 1996-ല്‍ ബ്രിട്ടനിലെ വിശ്വഹിന്ദു പരിഷത്ത് എന്ന സംഘടന ”ഹിന്ദുധര്‍മം: അധ്യാപകന്മാര്‍ക്കൊരു വഴികാട്ടി” എന്നൊരു കൈപ്പുസ്തകം പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ പുസ്തകത്തിലൂടെ അവര്‍ പ്രധാനമായും ഉദ്ദേശിച്ചത് ബ്രിട്ടീഷ് പാഠ്യപദ്ധതിയില്‍ മധ്യനിരതൊട്ട് ഹൈസ്‌കൂള്‍തലം വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഹിന്ദുമതവിശ്വാസത്തെക്കുറിച്ച് അറിവ് പകരുന്നതിന് അധ്യാപകര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുക എന്നുള്ളതായിരുന്നു. വൈദിക ഋഷിമാരാല്‍ നിര്‍മ്മിക്കപ്പെട്ട ഹിന്ദുമതം പ്രകൃതിനിയമങ്ങളുടെ സനാതനത്വത്തിന്റെ മറ്റൊരു പേരു മാത്രമാണെന്ന് വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ ഈ പുസ്തകം അധ്യാപകരെ ഉപദേശിക്കുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല തൊണ്ണൂറുകളുടെ ആരംഭത്തോടെ പാശ്ചാത്യരെ ഹൈന്ദവ ധര്‍മത്തെക്കുറിച്ച് പഠിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ശക്തമായി ആവിഷ്‌കരിച്ച് നടപ്പാക്കുകയായിരുന്നു അവര്‍ ആദ്യം ചെയ്തത്. രസകരമായ സംഗതി, ഭാരതീയതയെയും അതിന്റെ സാംസ്‌കാരിക മഹത്വത്തെക്കുറിച്ചും സംഘപരിവാരങ്ങള്‍ വലിയ വായില്‍ ഉദ്‌ഘോഷിക്കുമെങ്കിലും പടിഞ്ഞാറില്‍നിന്ന് വരുന്നതിനാണ് കൂടുതല്‍ സ്വീകാര്യത എന്ന യാഥാര്‍ഥ്യം നന്നായി ഉള്‍ക്കൊണ്ടിരിക്കുന്നത് ഇവിടത്തെ ‘സനാതനികളാ’ണെന്നതാണ്.
വേദങ്ങളെ ശാസ്ത്രഗ്രന്ഥങ്ങള്‍ എന്ന നിലയില്‍ അവതരിപ്പിക്കുന്നതിനായി പാശ്ചാത്യ രാജ്യങ്ങളില്‍ ആരംഭിച്ച ശ്രമങ്ങള്‍ ഇന്ന് ഇന്ത്യയില്‍ ശക്തമായി നടക്കുകയാണ്. പ്രകൃതിയുടെ ചലന നിയമത്തെക്കുറിച്ചുള്ള ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകള്‍ വേദപുസ്തകങ്ങളില്‍ കാണാമെന്നും പദാര്‍ത്ഥം, ആത്മാവ്, മനുഷ്യന്‍ എന്നിവയെക്കുറിച്ചുള്ള വേദപരാമര്‍ശങ്ങള്‍ ആധുനിക ശാസ്ത്രം സ്ഥിരീകരിക്കുന്നുവെന്നുമുള്ള വാദങ്ങളും യാതൊരു അടിസ്ഥാനവുമില്ലാതെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വേദഗ്രന്ഥങ്ങളുടെ വെളിപാടുകളും ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകളും തമ്മില്‍ ഒരുവിധ പരസ്പരവൈരുധ്യമോ സംഘര്‍ഷമോ ഇല്ലെന്നും ഇവ രണ്ടും ഒരേ സത്യത്തിന്റെ വിവിധ പേരുകള്‍ മാത്രമാണെന്നും ഇക്കൂട്ടര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. വേദിക് ആര്യന്‍ ഇന്ത്യയെ വിശ്വനാഗരികതയുടെ കളിത്തൊട്ടിലായി അവതരിപ്പിക്കാനുള്ള ശ്രമങ്ങളും സജീവമായി നടന്നുകൊണ്ടിരിക്കുന്നു. പടിഞ്ഞാറന്‍ സര്‍വകലാശാലകളില്‍ ആധുനിക ശാസ്ത്രത്തെക്കുറിച്ചുള്ള വിമര്‍ശങ്ങള്‍ വളരെ മൗലികമെന്ന വ്യാജേന സ്വാധീനം ലഭിക്കാന്‍ തുടങ്ങിയിട്ട് ദശകങ്ങളായി. ഉത്തരാധുനികതാവാദത്തിന്റെയും സാമൂഹിക ഘടനാ സിദ്ധാന്തത്തിന്റെയും ലേബലുകളില്‍ ഇവ വിദ്യാഭ്യാസ പദ്ധതികളിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുകയാണ്.
സുഭാഷ് കാക്, എന്‍.എസ്. രാജാറാം തുടങ്ങിയ വിദേശി ഇന്ത്യന്‍ ഹൈന്ദവ ബുദ്ധിജീവികള്‍ ഇതിന് സൈദ്ധാന്തികമായ പിന്‍ബലം നല്‍കുന്നു. സുഭാഷ് കാക്കും ഡേവിഡ് ഫ്രൗളിയും ചേര്‍ന്നെഴുതിയ ‘In Search of the Cradle of Civilization’ എന്ന പുസ്തകത്തില്‍ പറയുന്നത് 19-ഉം 20-ഉം നൂറ്റാണ്ടിലെ
ഭൗതികശാസ്ത്രത്തിന്റെ കണ്ടെത്തലുകളെ വേദങ്ങളില്‍നിന്നുതന്നെ നമുക്ക് കണ്ടെത്താമെന്നാണ്. പ്രകാശത്തിന്റെ വേഗതയെക്കുറിച്ചും ഭൂമിയും സൂര്യനും നമ്മിലുള്ള ദൂരത്തെക്കുറിച്ചും സൂര്യ-ചന്ദ്ര വര്‍ഷങ്ങളുടെ അകലത്തെക്കുറിച്ചുമൊക്കെയുള്ള ആധുനിക ജ്യോതിശാസ്ത്ര നിഗമനങ്ങള്‍ വേദമന്ത്രങ്ങളില്‍തന്നെ ഉണ്ടെന്നും അവർ നിഷ്കർഷിക്കുന്നു.
(തുടരും)