തൃശൂരില്‍ നരേന്ദ്രമോദിയുടെ റോഡ് ഷോ, അണിനിരന്നത് പതിനായിരങ്ങള്‍

പതിനായിരങ്ങളെ ആകര്‍ഷിച്ച് തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും തൃശൂരിലെ കുട്ടനെല്ലൂര്‍ ഹെലിപാഡിലേക്ക് ഹെലികോപ്റ്ററില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അതിന് ശേഷം തുറന്ന വാഹനത്തില്‍ എസ് പി ജി അകമ്പടിയോടേ തേക്കിന്‍ കാട് മൈതാനി ചുററിയായിരുന്നു റോഡ് ഷോ നടത്തിയത്.

തുറന്ന വാഹനത്തില്‍ പ്രധാനമന്ത്രിക്കൊപ്പം ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ നിയുക്ത സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി, മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ സി നിവേദിത എന്നിവരുമുണ്ടായിരുന്നു. ബി ജെ പി കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം കൂടിയായിരുന്നു ഈ റോഡ് ഷോ.

Read more

രണ്ടുലക്ഷം സ്ത്രീകള്‍ പങ്കെടുക്കുന്ന മഹിളാസമ്മേളനത്തെ പ്രധാനമന്ത്രി ഇപ്പോള്‍ അഭിസംബോധന ചെയ്യുകയാണ്്. തേക്കിന്‍കാട് മൈതാനിയിലാണ് മഹാ സമ്മേളനം നടക്കുന്നത്. മഹിളകള്‍ക്ക് മാത്രമേ സമ്മേളനത്തില്‍ പ്രവേശനമുള്ളൂ. മഹിളാ സമ്മേളനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരായ വനിതകള്‍ക്ക് പുറമേ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളും പങ്കെടുക്കുന്നുണ്ട്. നടി ശോഭന, ബീനാ കണ്ണന്‍, വൈക്കം വിജയലക്ഷ്മി, ഉമാ പ്രേമന്‍, മറിയക്കുട്ടി, ക്രിക്കറ്റ് താരം മിന്നു മണി എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുന്നുണ്ട്.