നവീൻ ബാബുവിന്റെ മരണം: അന്വേഷണ ചുമതലയിൽ നിന്ന് കളക്ടറെ മാറ്റി; ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ അന്വേഷിക്കും

കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട തുടരന്വേഷണ ചുമതലയിൽ നിന്ന് കളക്ടറെ മാറ്റി. അന്വേഷണ ചുമതല ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ എ ഗീതക്ക് കൈമാറി. റവന്യൂ വകുപ്പ് മന്ത്രിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.

സംഭവത്തിൽ എഡിഎമ്മിന് അനുകൂലമായ പ്രാഥമിക റിപ്പോർട്ട് കളക്ടർ നൽകിയിരുന്നു. എന്നാൽ അതിന് പിന്നാലെ കളക്ടർക്ക് എതിരെ ആരോപണങ്ങൾ ഉയർന്നു. ഇതിന് പിന്നാലെയാണ് അന്വേഷണചുമതല എ ഗീതക്ക് കൈമാറിയത്. അതേസമയം ദിവ്യ യാത്രയയപ്പ് സമ്മേളനത്തിൽ വരുന്നതും എഡിഎമ്മിനെതിരെ സംസാരിക്കുന്നതും കളക്ടർ നേരത്തെ അറിഞ്ഞിരുന്നു എന്ന ആരോപണവും ശക്തമാവുകയാണ്. കലക്ടറുടെ ഫോൺ വിളി രേഖകൾ ഉൾപ്പെടെ അന്വേഷണ സംഘം പരിശോധിച്ചേക്കുമെന്നാണ് സൂചന.

അതേസമയം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. നിലവില്‍ നടക്കുന്ന പൊലീസ് അന്വേഷണവുമായി താന്‍ സഹകരിക്കുമെന്ന് പി.പി.ദിവ്യ പറഞ്ഞിരുന്നു. തന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും ദിവ്യ പറഞ്ഞു.

യാത്രയയപ്പ് സമ്മേളനത്തിൽ പി പി ദിവ്യ അഴിമതി ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്തത്. കണ്ണൂർ എഡിഎം ആയ നവീൻ ബാബുവിന് ഇന്നലെ നൽകിയ യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതി ആരോപണം ഉന്നയിക്കുകയായിരുന്നു. യാത്രയയപ്പ് സമ്മേളനത്തിൽ കളക്ടർ അരുൺ കെ വിജയൻറെ സാന്നിധ്യത്തിലായിരുന്നു ദിവ്യ ആരോപണം നടത്തിയത്. യാതൊരുവിധ തെളിവുകളും ഇല്ലാതെ പൊതുമധ്യത്തിൽ വെച്ചായിരുന്നു എഡിഎമ്മിനെതിരെയുള്ള ആക്ഷേപങ്ങൾ.